രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 നവംബർ 10, വ്യാഴാഴ്ച മുതൽ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നവംബർ 8-ന് അറിയിച്ചിരുന്നു.
ഹൈൽ, മദീന, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡർ മേഖല എന്നിവിടങ്ങളിലും മക്കയുടെ ഏതാനം ഭാഗങ്ങളിലും ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കിന് ഇത് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തബുക്, അൽ ജൗഫ് എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റിയാദ്, ഖാസിം, അസിർ, ജിസാൻ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള മേഖലകളിൽ നിന്നും, വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകാനിടയുള്ള ഇടങ്ങളിൽ നിന്നും വിട്ട് നിൽക്കാൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.