സൗദി അറേബ്യ: അമ്പതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം

featured GCC News

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. 2024 ജനുവരി 6-ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റാണ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/HRSD_SA/status/1743556325705937327

ഇത് സംബന്ധിച്ച ഔദ്യഗിക ഉത്തരവ് സൗദി MHRSD വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ രാജ്‌ഹി പുറത്തിറക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ വിദ്യാർത്ഥികളെ സ്വകാര്യ തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്നതിന് പ്രാപ്തരാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഇതിലൂടെ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, മികച്ച ഉദ്യോഗാർത്ഥികളെ വാർത്തെടുക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു. സൗദി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുള്ള ഒരു അധ്യയന പരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

സൗദി അറേബ്യയിലെ സ്വകാര്യ തൊഴിൽ മേഖലയിലെ ആവശ്യകതകൾ നിറവേറ്റുന്നതിനും ഈ തീരുമാനം സഹായകമാകുന്നതാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ അധ്യയന കാലഘട്ടത്തിന് ശേഷം തൊഴിൽ നേടുന്നതിനുള്ള മതിയായ പരിശീലനം ലഭിക്കുന്നുവെന്ന് ഈ തീരുമാനം ഉറപ്പ് വരുത്തുന്നു.

സ്ഥാപനവും, പരിശീലനം നേടുന്ന വിദ്യാർത്ഥിയും തമ്മിൽ കൃത്യമായ വ്യവസ്ഥകൾ രേഖപ്പെടുത്തിയിട്ടുള്ള ഒരു കരാറിൽ ഒപ്പ് വെച്ച ശേഷമായിരിക്കും നിശ്ചിത കാലയളവിലേക്കുള്ള ഈ പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തിന് ശേഷം സ്ഥാപനത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

ഈ തീരുമാനം പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.