സൗദിയിലെ വിവിധ വാണിജ്യ മേഖലകളിൽ, മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ആരോഗ്യ സുരക്ഷാ പരിശോധനകൾ ഊർജ്ജിതമാക്കി. സൗദിയിൽ നിലവിലുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചാണോ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും, ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ കൃത്യമായി നടപ്പിലാക്കിയിട്ടുണ്ടോ എന്നും ഉറപ്പാക്കുന്നതിനായാണ് മന്ത്രാലയം ഈ ഔദ്യോഗിക പരിശോധനകൾ രാജ്യത്തുടനീളം നടത്തുന്നത്.
മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്, മിനിസ്ട്രി ഓഫ് മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് എന്നിവർ സംയുക്തമായാണ് വാണിജ്യ സ്ഥാപനങ്ങൾ നേരിട്ട് പരിശോധിക്കുന്നത്.
ആരോഗ്യ സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുന്നതാണ്. ആരോഗ്യ സുരക്ഷാ വീഴ്ചകൾക്ക് 10000 റിയാലാണ് പിഴ ചുമത്തുന്നത്. ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി പിഴ ചുമത്തുന്നതിനോടൊപ്പം സ്ഥാപനങ്ങൾ 3 മാസത്തേക്ക് അടച്ചിടാൻ ഉത്തരവ് നൽകുന്നതുമാണ്.
ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ മൂന്ന് തവണ വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് മൂന്നിരട്ടി പിഴ ചുമത്തുന്നതാണ്. ഇത്തരം സ്ഥാപനങ്ങൾ 6 മാസത്തേക്ക് അടപ്പിക്കുന്നതിനോടൊപ്പം, ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ നിയമനടപടികൾ എടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.