ഖത്തർ: മൂന്ന് ഘട്ടങ്ങളിലായി വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനം; ആദ്യ ഘട്ടം സെപ്റ്റംബർ 1 മുതൽ

GCC News

രാജ്യത്തെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും എല്ലാ വിദ്യാലയങ്ങളും, സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 1 മുതൽ, മൂന്ന് ഘട്ടങ്ങളിലായി ആരംഭിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ കിന്റർഗാർട്ടനുകൾ ഉൾപ്പടെ എല്ലാ വിദ്യാലയങ്ങൾക്കും ഈ തീരുമാനങ്ങൾ ബാധകമാണ്.

സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 3 വരെയുള്ള മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ആദ്യ ഘട്ടത്തിൽ, ദിനവും മൂന്നിലൊന്ന് വിദ്യാർഥികൾ ഊഴമിട്ട് ഹാജരാകുന്ന രീതിയിലാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുക. ഈ മൂന്ന് ദിവസങ്ങളിൽ ഓരോ ദിവസവും ഹാജരാകേണ്ട വിദ്യാർത്ഥികളെ തീരുമാനിക്കുന്നതിനും, വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തേണ്ടതിന്റെ പ്രാധാന്യം രക്ഷിതാക്കളെ അറിയിക്കുന്നതിനും വിദ്യാലയങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 6 മുതൽ 17 വരെയുള്ള രണ്ടാം ഘട്ടത്തിൽ 50 ശതമാനം വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാം. ഓരോ വിദ്യാലയങ്ങളിലും ഈ കാലയളവിൽ വിദ്യാർത്ഥികളെ 2 ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ക്ലാസുകൾ നൽകുന്നത്. ആദ്യ ആഴ്ചയിൽ ആദ്യ ഗ്രൂപ്പിന് വിദ്യാലയങ്ങളിൽ വെച്ചും, രണ്ടാമത്തെ ഗ്രൂപ്പിന് ഓൺലൈനിലൂടെയും ക്‌ളാസ്സുകൾ നൽകുന്നതാണ്. രണ്ടാമത്തെ ആഴ്ചയിൽ ആദ്യ ഗ്രൂപ്പിന് ഓൺലൈനിലൂടെയും, രണ്ടാം ഗ്രൂപ്പിന് വിദ്യാലയങ്ങളിലും ക്‌ളാസുകൾ നൽകും.

സെപ്റ്റംബർ 20 മുതലുള്ള മൂന്നാം ഘട്ടത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുന്നതാണ്. ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കിയായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുക എന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.