രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കാൻ സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു. 2022 സെപ്റ്റംബർ 16-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയുടെ ദേശീയ പതാക, ചിഹ്നം എന്നിവയും ഭരണാധികാരികളുടെയും, നേതാക്കന്മാരുടെയും, ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ, നാമങ്ങൾ എന്നിവയും വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് ഈ വിലക്ക് ബാധകമാണ്.
ഇത്തരം ചിഹ്നങ്ങൾ, നാമങ്ങൾ, ദൃശ്യങ്ങൾ മുതലായവ വാണിജ്യ സാധനങ്ങളിലോ, പുസ്തകങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലോ, ലഘുലേഖകളിലോ, പ്രത്യേക സമ്മാനപദ്ധതികളുടെ ഭാഗമായോ ഉപയോഗിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേക പരിശോധനകൾ നടത്തിവരുന്നതായി മന്ത്രാലയം അറിയിച്ചു.
സൗദി നാഷണൽ ഡേ ഉൾപ്പടെയുള്ള വിശേഷാവസരങ്ങളിൽ ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. ഇലക്ട്രോണിക്-ഷോപ്പിംഗ് സംവിധാനങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. ഇത്തരം നിയമലംഘനങ്ങളിലേർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുന്നതാണ്.