സൗദി അറേബ്യ: ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ജഗ്രതാ നിർദ്ദേശവുമായി CPA

GCC News

രാജ്യത്ത് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർ ജഗ്രതാ പുലർത്തണമെന്നും, കഴിയുന്നതും ഈ പ്രവണത ഒഴിവാക്കണമെന്നും സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (CPA) നിർദ്ദേശിച്ചു. 2023 ഫെബ്രുവരി 19-നാണ് CPA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഓൺലൈനിലൂടെ ഓർഡർ ചെയ്ത ഉത്പന്നങ്ങൾ ലഭിക്കുന്നതിൽ ഉണ്ടായേക്കാവുന്ന കാലതാമസം, തട്ടിപ്പ് എന്നിവ ഒഴിവാക്കുന്നതിനാണ് CPA ഇത്തരം ഒരു നിർദ്ദേശം നൽകിയത്. ഇൻസ്റ്റഗ്രാം ഒരു സാമൂഹിക മാധ്യമ സംവിധാനം മാത്രമാണെന്നും, ഇത് ഒരു ഓൺലൈൻ വാണിജ്യ സംവിധാനമല്ലെന്നും CPA ചൂണ്ടിക്കാട്ടി.

ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ കാണുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി ഉത്പന്നങ്ങൾ ഓർഡർ ചെയ്ത ശേഷം അവ ലഭിക്കാതിരിക്കുന്നതും, തട്ടിപ്പിന് ഇരയാകുന്നതും സംബന്ധിച്ച് ആഴ്ച്ച തോറും നിരവധി പരാതികളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് CPA അറിയിച്ചു. ഒട്ടുമിക്ക ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകളും സൗദിയ്ക്കകത്തോ, പുറത്തോ ഉള്ള വ്യക്തികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണെന്നും, ഇതിനാൽ തന്നെ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങൾ ഉടലെടുക്കുന്ന സാഹചര്യത്തിൽ ഇവയുമായി ബന്ധപ്പെട്ട വ്യവഹാരനടപടികൾ കേവലം വ്യക്തികൾ തമ്മിലുള്ളവയായി മാത്രമാണ് കണക്കാക്കുന്നതെന്നും, ഇവ വാണിജ്യ വ്യവഹാര നടപടികളായി കണക്കാക്കാനാകില്ലെന്നും CPA ചൂണ്ടിക്കാട്ടി. ഇത്തരം വ്യവഹാരങ്ങൾ രാജ്യത്തെ വാണിജ്യ നിയമങ്ങളുടെ പരിധിയിൽ വരാത്തതിനാൽ ഈ തർക്കങ്ങളുമായി ബന്ധപ്പെട്ട പണം വീണ്ടെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാർന്ന പ്രക്രിയയായി മാറുമെന്നും CPA കൂട്ടിച്ചേർത്തു.

സൗദി വാണിജ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള ഇ-കോമേഴ്‌സ് ചട്ടങ്ങൾ പ്രകാരമല്ല ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രവർത്തിക്കുന്നതെന്നും, ഇതിനാൽ തന്നെ ഇവയ്ക്ക് ഇ-പേയ്മെന്റ് സംവിധാനങ്ങൾ, കൊമേർഷ്യൽ രജിസ്‌ട്രേഷൻ, ടാക്സ് നമ്പർ എന്നിവ സാധാരണയായി ഉണ്ടാകാറില്ലെന്നും CPA വ്യക്തമാക്കി. ഇത് കൂടാതെ, ഇത്തരം അക്കൗണ്ടുകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുക്കുന്ന സാഹചര്യങ്ങളിൽ, ഇത്തരം ഉത്പന്നങ്ങൾ തിരിച്ചെടുക്കുന്നത് സംബന്ധിച്ചോ, ഇവയുടെ പണം തിരികെ നൽകുന്നത് സംബന്ധിച്ചോ കൃത്യമായ രേഖാമൂലമുള്ള നയങ്ങൾ ഇല്ലാത്തതിനാൽ വ്യവഹാരങ്ങൾ കൂടുതൽ ദുഷ്കരമാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വ്യക്തികളുടെ അക്കൗണ്ടുകൾ മാത്രമാണെന്നും, ഇവ സൗദി അറേബ്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയല്ല പ്രവർത്തിക്കുന്നതെന്നും CPA അറിയിച്ചു. തുണിത്തരങ്ങൾ, ഇ-ഗെയിമുകൾ, റീചാർജ് കാർഡുകൾ തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെക്കുറിച്ചാണ് CPA-യ്ക്ക് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കാറെന്നും അധികൃതർ വ്യക്തമാക്കി.

ഓൺലൈൻ സംവിധാനങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങിക്കുന്ന അവസരത്തിൽ അത്തരം സേവനദാതാക്കളുടെ ആധികാരികത ഉറപ്പ് വരുത്തണമെന്ന് CPA ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Cover Image: Pixabay.