യു എ ഇ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായിലെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ലോക എക്സ്പോ വേദിയിലെ സൗദി, യു എ ഇ പവലിയനുകൾ സന്ദർശിച്ചു. 2021 ഡിസംബർ 8-നാണ് അദ്ദേഹം എക്സ്പോ 2020 ദുബായ് വേദിയിലൂടെ പര്യടനം നടത്തിയത്.
ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ അനുഗമിച്ചു.
എക്സ്പോ 2020 ദുബായ് വേദിയിലെ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് സൗദി പവലിയൻ സ്ഥിതിചെയ്യുന്നത്. 13059 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൗദി പവലിയൻ, എക്സ്പോ 2020 ദുബായ് വേദിയിലെ രണ്ടാമത്തെ വലിയ പവലിയനാണ്.
ഒരു ഭീമൻ ജാലകത്തിന്റെ മാതൃകയിൽ ഒരുക്കിയിരിക്കുന്ന ഈ പവലിയൻ സൗദി അറേബ്യയയുടെ ഭൂതം, ഭാവി, വർത്തമാന കാലങ്ങളിലൂടെ സഞ്ചരിക്കുന്നതിന് സന്ദർശകർക്ക് അവസരമൊരുക്കുന്നു. എക്സ്പോ നടക്കുന്ന ആറ് മാസത്തെ കാലാവധിയിൽ 1800-ൽ പരം പരിപാടികളാണ് ഈ പവലിയനിൽ സന്ദർശകർക്കായി ഒരുക്കുന്നത്.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും, അതിന്റെ നൂതനവും ഗുണപരവുമായ പദ്ധതികളെക്കുറിച്ചും അറിയിക്കുകയും, ജനങ്ങൾക്ക് സമൃദ്ധവും സുസ്ഥിരവുമായ ഭാവി കൈവരിക്കാനുള്ള അതിരറ്റ അഭിലാഷം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്. സൗദി ജനത, പ്രകൃതി, പൈതൃകം, അവസരങ്ങൾ എന്നിങ്ങനെ നാല് പ്രധാന സ്തംഭങ്ങളിലൂടെ സന്ദർശകർക്ക് രാജ്യത്തെ അടുത്തറിയാൻ ഈ പവലിയനിലൂടെ സാധിക്കുന്നതാണ്.
ഭൂമിക്ക് മുകളിൽ ആറ് നിലകളിൽ ഉയർന്ന് നിൽക്കുന്ന ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ സൗദിയുടെ പുരാതന സംസ്കാരവും, പൈതൃകവും, അതിന്റെ പ്രകൃതിദൃശ്യത്തിന്റെ അത്ഭുതങ്ങളും, അതിന്റെ വർത്തമാന, ഭാവി അഭിലാഷങ്ങൾ തേടിയുള്ള ദ്രുതഗതിയിലുള്ള സഞ്ചാരവും അനുഭവവേദ്യമാക്കുന്നു. സൗദി പവലിയനിൽ ഒരുക്കിയിട്ടുള്ള സന്ദർശകരുമായി സംവദിക്കുന്ന രീതിയിൽ തീർത്തിട്ടുള്ള ഏറ്റവും വലിയ ലൈറ്റ് ഫ്ലോർ, സമ്പര്‍ക്കം പുലര്‍ത്തുന്ന ഏറ്റവും നീളം കൂടിയ വാട്ടർ കർട്ടൻ, ഏറ്റവും വലിയ ഇന്ററാക്ടീവ് ഡിജിറ്റൽ സ്ക്രീൻ മിറർ എന്നിവ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ നിന്ന് മൂന്ന് പുരസ്കാരങ്ങൾ നേടിയിരുന്നു.
തുടർന്ന് അദ്ദേഹം എക്സ്പോ വേദിയിലെ ഏറ്റവും വലിപ്പമേറിയ പവലിയനായ യു എ ഇ പവലിയൻ സന്ദർശിച്ചു. പറക്കുന്ന ഒരു പരുന്തിന്റെ ചിറകുകളെ അനുസ്മരിപ്പിക്കുന്ന ഈ പവലിയൻ യു എ ഇയുടെ സാംസ്കാരികത്തനിമ, ചരിത്രം, ഭാവി എന്നിവ സന്ദർശകർക്ക് മുന്നിൽ വെളിപ്പെടുത്തുന്നു.
യു എ ഇ ഒരു ആഗോള കേന്ദ്രമായതിന്റെ കഥ പറയുകയും, സമാധാനപരവും പുരോഗമനപരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിലും അതിന്റെ നേതാക്കൾ പുലർത്തുന്ന ദർശനങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് യു എ ഇ പവലിയൻ ഒരുക്കിയിട്ടുള്ളത്.
സ്പാനിഷ് ആർക്കിടെക്റ്റ് സാന്റിയാഗോ കലട്രാവ രൂപകൽപന ചെയ്ത യു എ ഇ പവലിയൻ അൽ വാസൽ പ്ലാസയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. രാജ്യത്തിന്റെ ധീരമായ ആത്മാവിന്റെ പ്രതീകമായാണ് സാന്റിയാഗോ കലട്രാവ ഈ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. നാല് നിലകളിൽ തീർത്ത 15,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള ഈ പവലിയൻ യു എ ഇയുടെ സമ്പന്നമായ പൈതൃകവും ശോഭനമായ ഭാവിയും ഉയർത്തിക്കാട്ടുന്നു.
യു എ ഇ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി എമിറേറ്റിലെത്തിയ സൗദി കിരീടാവകാശി H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്വാഗതം ചെയ്തിരുന്നു.
WAM