തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയിൽ ശിക്ഷിക്കപ്പെട്ട 81 പേരുടെ വധശിക്ഷ 2022 മാർച്ച് 12-ന് നടപ്പിലാക്കി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിൽ എട്ട് വിദേശികളും ഉൾപ്പെടുന്നു. പതിറ്റാണ്ടുകൾക്കിടയിൽ സൗദിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കൂട്ട മരണദണ്ഡനമാണിത്.
തീവ്രവാദ പ്രവർത്തനങ്ങൾ, വിദേശ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം, യുദ്ധമേഖലകൾ സന്ദർശിച്ച് കൊണ്ട് തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കൽ, വഴിതെറ്റിയ വിശ്വാസങ്ങൾ പിന്തുടരൽ, കുട്ടികളും, സ്ത്രീകളും ഉൾപ്പടെയുള്ളവരുടെ കൊലപതാകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾ നടത്തിയവർ ഇതിൽ ഉൾപ്പെടുന്നു. സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഒരു ഔദ്യോഗിക പത്രക്കുറിപ്പ് ഉദ്ധരിച്ചാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.