അബുദാബി: ഒരു പ്രത്യേക നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് ആരംഭിച്ചതായി ITC

featured UAE

എമിറേറ്റിലെ വിവിധ ഇടങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് യാത്രികർക്ക് അതിവേഗ യാത്രാ സേവനങ്ങൾ നൽകുന്നതിനായി ഒരു പ്രത്യേക നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. എമിറേറ്റിലെ സ്വകാര്യ സേവനദാതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ റാപിഡ് ബസ് ട്രാൻസ്‌പോർട്ട് സേവനം ITC നടപ്പിലാക്കുന്നത്.

യാത്രികർക്ക് സുഗമമായും, സുരക്ഷിതരായും, കൂടുതൽ വേഗത്തിലും വിവിധ ഇടങ്ങളിലേക്ക് എത്തുന്നതിന് സഹായിക്കുന്ന, സ്റ്റോപ്പുകളുടെ എണ്ണം തീരെ കുറവുള്ള, നേരിട്ടുള്ള ബസ് സർവീസാണിത്. 2022 മാർച്ച് 14 മുതൽ ഈ നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് സേവനങ്ങൾ ലഭ്യമാകുന്നതാണ്.

രണ്ട് ഘട്ടങ്ങളിലായാണ് യാത്രികർക്ക് ഈ സേവനം ലഭ്യമാക്കുന്നത്. ആദ്യ ഘട്ടത്തിൽ മുസഫ ഇൻഡസ്ട്രിയൽ മേഖല, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഈ സേവനം ലഭ്യമാക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഖലീഫ സിറ്റി, ബാനി യാസ്, അൽ ഷഹാമ, അൽ ഫലാഹ് തുടങ്ങിയ മേഖലകളെ ഈ സേവനത്തിന് കീഴിൽ ഉൾപ്പെടുത്തുന്നതാണ്.

ഈ മേഖലകളിൽ നിന്ന് അബുദാബി നഗരത്തിലേക്ക് നാല് റൂട്ടുകളിലൂടെ നേരിട്ടുള്ള സർവീസ് നൽകുന്നതാണ്. അബുദാബി സിറ്റിയിലെ പ്രധാന ബസ് സ്റ്റേഷനിൽ യാത്രകൾ അവസാനിപ്പിക്കുന്നത് പോലെയാണ് ഈ സർവീസ് നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ അൽ ഐനിലെ അൽ ഹിയാർ, അൽ ഫഖ, സ്വീഹാൻ, അൽ ഷിവായ്‌ബ്‌, നാഹിൽ, അബു സംറ, അൽ വിഖാൻ, അൽ ഖൊഅ തുടങ്ങിയ ഇടങ്ങളിലും ഈ സർവീസ് ആരംഭിക്കുന്നതാണ്.

അബുദാബി നഗരത്തിൽ ആദ്യ ഘട്ടത്തിൽ താഴെ പറയുന്ന റൂട്ടുകളിലാണ് നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് ആരംഭിക്കുന്നത്:

  • E-01 – അബുദാബി ഇൻഡസ്ട്രിയൽ സിറ്റി, മുസഫയിൽ നിന്ന്.
  • E-02 – മുസഫയിൽ നിന്ന് നേരിട്ട്.
  • E-03 – മുസഫ ടൌൺ ബസ് ടെർമിനലിൽ നിന്ന്.
  • E-04 – ഖലീഫ സിറ്റിയിലെ സഫീർ മാളിൽ നിന്ന്.

നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് പ്രവർത്തന സമയക്രമം:

  • പ്രവർത്തിദിനങ്ങളിൽ – രാവിലെ 5 മുതൽ രാത്രി 10 വരെ.
  • വാരാന്ത്യ ദിനങ്ങൾ, പൊതു അവധി ദിനങ്ങൾ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.

തിരക്കേറിയ സമയങ്ങളിൽ ഓരോ 10 മിനിറ്റ് ഇടവേളയിലും, അല്ലാത്ത സമയങ്ങളിൽ ഓരോ 25 മിനിറ്റ് ഇടവേളയിലുമായാണ് ഈ സർവീസ് നടപ്പിലാക്കുന്നത്.