വ്യപകമായ പരിശോധനകൾ ഫലം കണ്ടു; അബുദാബി നഗരത്തിൽ 0.3% കോവിഡ് -19 കേസുകൾ മാത്രം

UAE

എമിറേറ്റിലുടനീളം നടപ്പിലാക്കിയ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു. ആകെ നടപ്പിലാക്കിയ ടെസ്റ്റുകളിൽ 0.3% കോവിഡ് -19 കേസുകൾ മാത്രമാണ് നിലവിൽ അബുദാബി നഗരത്തിൽ രേഖപ്പെടുത്തുന്നത്. അൽ ദഫ്‌റ മേഖലയിൽ ഇത് 0.4 ശതമാനവും അൽ ഐനിൽ ഇത് 0.6 ശതമാനവുമാണ്.

ഓരോ മേഖലയിലെയും രോഗബാധിതരെ കണ്ടെത്തുന്നതിനും, രോഗവ്യാപനം നിയന്ത്രിക്കുന്നതിനും, രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവ് തടയുന്നതിനും ദേശീയ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി എമിറേറ്റിലുടനീളം നടപ്പിലാക്കിയ കർശനമായ പ്രവർത്തനങ്ങൾ ഏറെ പ്രയോജനകരമായെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.

“മുൻകരുതലുകളും, പ്രതിരോധ നടപടികളും വൈറസ് വ്യാപനം തടയുന്നതിന് കാരണമായി. എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും നടത്തിയ മൊത്തം പരിശോധനകളിൽ സ്ഥിരീകരിച്ച കേസുകളുടെ ശതമാനം അബുദാബി സിറ്റിയിൽ 0.3 ശതമാനമായി കുറഞ്ഞു, അൽ ദാഫ്രയില്‍ 0.4 ശതമാനവും അൽ ഐൻ സിറ്റിയില്‍ 0.6 ശതമാനവും ആയി കുറഞ്ഞു. ജനങ്ങളുടെ ഇടയിൽ സമൂഹ അകലം, മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ പാലിക്കപ്പെടുന്നതും രോഗം നിയന്ത്രിക്കാൻ സഹായകമായി.”, കമ്മിറ്റി ഓഗസ്റ്റ് 4-നു പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

“കോവിഡ് -19 വൈറസിന്റെ വ്യാപനം തടയുക, നിലവിലുള്ള സ്ക്രീനിംഗ് വഴി രോഗബാധ നിയന്ത്രിക്കുക, വിവിധ സാമൂഹിക വിഭാഗങ്ങളിലേക്ക് സൗജന്യ പരിശോധനകൾ എത്തിക്കുക എന്നിവയാണ് ദേശീയ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. ഇതിൽ ഹോം ടെസ്റ്റിംഗും, ജനസാന്ദ്രത കൂടിയ പാർപ്പിട മേഖലകൾ, വ്യാവസായിക മേഖലകൾ, തൊഴിലാളികൾ താമസിക്കുന്ന മേഖലകൾ, കൃഷിസ്ഥലങ്ങൾ, മേച്ചില്‍ സ്ഥലങ്ങള്‍ എന്നിവയ്ക്കായുള്ള പ്രത്യേക ടെസ്റ്റിംഗ് കാമ്പെയ്‌നുകളും ഉൾപ്പെടുന്നു. പകർച്ചവ്യാധി പൂർണമായും നിയന്ത്രണവിധേയമാകുന്നതുവരെ ആരോഗ്യ വകുപ്പുമായും, മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും സഹകരിച്ച് ഇന്നുവരെ കൈവരിച്ച പുരോഗതി നിലനിർത്താനുള്ള ശ്രമങ്ങൾ കമ്മിറ്റി തുടരും.”, കമ്മിറ്റി കൂട്ടിച്ചേർത്തു.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തുമായി ചേർന്ന് നടപ്പിലാക്കിയ തീവ്രമായ COVID-19 പരിശോധനകളും, മുൻകരുതൽ നടപടികളും തുടരുമെന്നറിയിച്ച കമ്മിറ്റി, ശാരീരിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകഴുകുക, ശുചിത്വം പാലിക്കുക, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങളോട് ഇതുവരെ നൽകിയ സഹകരണം തുടരാൻ പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.