സൗദിയിലേക്ക് നിലവിൽ പ്രവേശന വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി വ്യോമയാന വകുപ്പ് (GACA) വ്യക്തമാക്കി. ഇത്തരം വിനോദസഞ്ചാരികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനുള്ള സൗദി ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനത്തെത്തുടർന്നാണ് സൗദി GACA ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകിയത്.
ജൂലൈ 30-ന് രാത്രിയാണ് സൗദി GACA ഈ അറിയിപ്പ് നൽകിയത്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം ജൂലൈ 29-ന് അറിയിച്ചിരുന്നു.
ഈ തീരുമാനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വ്യോമയാന കമ്പനികൾക്കും സൗദി GACA നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, സൗദി യാത്രാവിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള, സാധുതയുള്ള സൗദി ടൂറിസം വിസകളുള്ള യാത്രികർക്ക് സൗദിയിലേക്ക് യാത്രാ സേവനങ്ങൾ നൽകാൻ മുഴുവൻ കമ്പനികളോടും GACA നിർദ്ദേശിച്ചിട്ടുണ്ട്.
വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് നെഗറ്റീവ് PCR റിസൾട്ട്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് കൊണ്ട് പ്രവേശനം അനുവദിക്കുമെന്നും, ഇത്തരം സഞ്ചാരികൾക്ക് സൗദിയിലെത്തിയ ശേഷം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഉണ്ടായിരിക്കില്ലെന്നും സൗദി ടൂറിസം മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്കുള്ള വിമാനസർവീസുകൾക്കുള്ള പ്രവേശന വിലക്കുകൾ തുടരുന്നതിനാൽ, ഈ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഈ പ്രവേശനാനുമതി ലഭിക്കുന്നതല്ല.
താഴെ പറയുന്ന നിർദ്ദേശങ്ങൾ പ്രകാരമാണ് ഓഗസ്റ്റ് 1 മുതൽ സൗദിയിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നത്:
- സാധുതയുള്ള സൗദി ടൂറിസം വിസ ഉണ്ടായിരിക്കണം.
- യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണ്.
- ഇത്തരം വിനോദസഞ്ചാരികൾ സൗദി അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചവരായിരിക്കണം. ഫൈസർ, ആസ്ട്രസെനേക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ COVID-19 വാക്സിനുകൾക്ക് സൗദി അംഗീകാരം നൽകിയിട്ടുണ്ട്. ഈ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് മതിയായ രേഖകളുണ്ടെങ്കിൽ സൗദി പ്രവേശനം അനുവദിക്കുന്നതാണ്.
- ഇത്തരം വിനോദസഞ്ചാരികൾ തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ https://muqeem.sa/#/vaccine-registration/home എന്ന ഓൺലൈൻ പോർട്ടലിൽ നൽകേണ്ടതാണ്. ഇത് സൗദിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിലെ നടപടിക്രമങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നതാണ്.
- ഇവർക്ക് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് സൗദിയിലെത്തിയ ശേഷം വിവിധ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്.
https://www.visitsaudi.com/en എന്ന വെബ്സൈറ്റിലൂടെ ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാവുന്നതാണ്. വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികളെ വരവേൽക്കാൻ സൗദി ഒരുങ്ങിയതായി ടൂറിസം വകുപ്പ് മന്ത്രി അഹ്മദ് അൽ ഖതീബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.