സൗദി: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും

featured GCC News

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചവരും, സാധുതയുള്ള ടൂറിസ്റ്റ് വിസകളുള്ളവരുമായ വിനോദസഞ്ചാരികൾക്കാണ് ഓഗസ്റ്റ് 1 മുതൽ പ്രവേശനം അനുവദിക്കുന്നത്.

ജൂലൈ 29-ന് രാത്രിയാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് നെഗറ്റീവ് PCR റിസൾട്ട്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് കൊണ്ട് പ്രവേശനം അനുവദിക്കുമെന്നും, ഇത്തരം സഞ്ചാരികൾക്ക് സൗദിയിലെത്തിയ ശേഷം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഉണ്ടായിരിക്കില്ലെന്നും സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

ഫൈസർ, ആസ്ട്രസെനേക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ COVID-19 വാക്സിനുകൾക്ക് സൗദി അംഗീകാരം നൽകിയിട്ടുണ്ട്. ഈ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് മതിയായ രേഖകളുണ്ടെങ്കിൽ സൗദി പ്രവേശനം അനുവദിക്കുന്നതാണ്.

എന്നാൽ, ഇത്തരം വിനോദസഞ്ചാരികൾ തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ നൽകേണ്ടതാണ്. ഇവർക്ക് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് സൗദിയിലെത്തിയ ശേഷം വിവിധ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്.

https://www.visitsaudi.com/en എന്ന വെബ്സൈറ്റിലൂടെ ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാവുന്നതാണ്. വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികളെ വരവേൽക്കാൻ സൗദി ഒരുങ്ങിയതായി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖതീബ് അറിയിച്ചു.