സൗദിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും, രാജ്യത്തിനകത്ത് യാത്രകൾ ചെയ്യുന്നവർക്കുമായി സൗദി ആരോഗ്യ മന്ത്രാലയം കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. യാത്ര ചെയ്യുന്ന വേളയിലും, താമസയിടങ്ങളിലും, ബീച്ചുകൾ, പാർക്കുകൾ, റെസ്ടാറന്റുകൾ, സിനിമാശാലകൾ മുതലായ ഇടങ്ങളിലും നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങളാണ് മന്ത്രാലയം നൽകിയിട്ടുള്ളത്. കുട്ടികളുമായി യാത്രചെയ്യുന്നവർക്കായി പ്രത്യേക നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുവായ സുരക്ഷാ നിർദ്ദേശങ്ങൾ:
- മാസ്കുകൾ നിർബന്ധമായും ധരിക്കുക.
- കൈകളുടെ ശുചിത്വം ഉറപ്പാക്കുക.
- 2 മീറ്റർ എങ്കിലും സമൂഹ അകലം പാലിക്കുക.
- തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും, തൂവാല ഉപയോഗിക്കാൻ ശീലിക്കുക.
- കൈകൾ അണുവിമുക്തമാക്കിയ ശേഷം മാത്രം കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കുക.
- ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
- സ്വകാര്യ ഉപകരണങ്ങൾ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക.
- ഹസ്തദാനം, ആലിംഗനം മുതലായവ ഒഴിവാക്കുക.
- രോഗബാധ സംശയിക്കുന്നവരുമായോ, രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരുമായോ ഇടപഴകാൻ ഇടയായാൽ ഉടൻ 937 എന്ന ടോൾഫ്രീ സംവിധാനത്തിൽ വിവരമറിയിക്കുക.
യാത്രകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ:
- യാത്രികർ സാനിറ്റൈസർ, മാസ്കുകൾ, ബ്ലാങ്കറ്റുകൾ എന്നിവ കൈവശം കരുതണം.
- രോഗബാധ രൂക്ഷമായ ഇടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.
- കഴിയുന്നതും ഡിജിറ്റൽ ഇടപാടുകൾ ഉപയോഗിക്കുക. പണത്തിന്റെ ഉപയോഗം കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കണം.
- ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളും മറ്റും ഉപയോഗിക്കുക.
- സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നയിടങ്ങളിൽ മാത്രം താമസിക്കാൻ ശ്രദ്ധിക്കുക.
- യാത്രയിലുടനീളം, താമസസ്ഥലങ്ങളിൽ ഉൾപ്പടെ, മാസ്കുകൾ ഉപയോഗിക്കുക.
- തീർത്തും വായുസഞ്ചാരമില്ലാത്ത താമസയിടങ്ങൾ ഒഴിവാക്കണം.
Photo: Joriel Ines [Unsplash]