രാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികൾ 2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. സൗദിയിലെ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തൊഴിലുകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായി HRSD മന്ത്രി സുലൈമാൻ അൽ രജ്‌ഹി 2020 ഒക്ടോബർ 5-ന് അറിയിച്ചിരുന്നു.
ഈ തീരുമാനപ്രകാരം, 2020 ഒക്ടോബറിൽ സൗദി HRSD കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ മുപ്പതോളം തൊഴിലുകൾ സ്വദേശിവത്കരണത്തിനായി തിരഞ്ഞെടുത്തിരുന്നു. കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, കമ്പ്യൂട്ടർ എഞ്ചിനീയർ, നെറ്റ്‌വർക്ക് എഞ്ചിനീയർ, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ അനാലിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ബിസിനസ്സ് അനലിസ്റ്റ്, പ്രോഗ്രാമ്മർ മുതലായ തൊഴിലുകളാണ് HRSD തിരഞ്ഞെടുത്തിരുന്നത്.
അഞ്ചോ അതിലധികമോ ജീവനക്കാർ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി പദവികളിൽ തൊഴിലെടുക്കുന്ന സൗദിയിലെ, ചെറുകിട തൊഴിൽ സ്ഥാപനങ്ങൾ ഒഴികെ, എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഓരോ വിഭാഗങ്ങളിലും 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനാണ് HRSD തീരുമാനിച്ചിരിക്കുന്നത്.
ഈ തീരുമാനത്തോടെ സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് ഏതാണ്ട് 9000 പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ബിരുദധാരികളായ സൗദി പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമാണ് ഈ തീരുമാനം.