സൗദി അറേബ്യ: സ്വകാര്യ മേഖലയിലെ 30% അക്കൗണ്ടിംഗ് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ 30 ശതമാനം അക്കൗണ്ടിംഗ് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. ഇത് സംബന്ധിച്ച് ഡിസംബർ 23-ന് HRSD മന്ത്രി എൻജിനീയർ അഹ്‌മദ്‌ അൽ രജ്‌ഹി ഒരു പ്രത്യേക മന്ത്രിസഭാ തീരുമാനം പുറത്തിറക്കിയിട്ടുണ്ട്.

ഈ തീരുമാനത്തിലൂടെ സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് ഏതാണ്ട് 9800 പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അഞ്ചോ അതിലധികമോ ജീവനക്കാർ അക്കൗണ്ടിംഗ് ജോലികളിൽ തൊഴിലെടുക്കുന്ന സൗദിയിലെ എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അക്കൗണ്ട്സ് മാനേജർ, മാനേജർ ഓഫ് സകാത്ത് ആൻഡ് ടാക്സസ് ഡിപ്പാർട്ടമെന്റ്, മാനേജർ ഓഫ് ഫിനാൻഷ്യൽ റിപ്പോർട്ട്സ് ഡിപ്പാർട്ടമെന്റ്, മാനേജർ ഓഫ് ജനറൽ ഓഡിറ്റിംഗ് ഡിപ്പാർട്ടമെന്റ്, ഇന്റേർണൽ ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ അക്കൗണ്ടിംഗ് പദവികൾ ഈ തീരുമാനം നടപ്പിലാക്കാൻ HRSD തിരഞ്ഞെടുത്തിട്ടുണ്ട്.

ഈ തീരുമാന പ്രകാരം, സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമിക്കപ്പെടുന്ന സൗദി അക്കൗണ്ടന്റുമാർക്ക് സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സിൽ നിന്നുള്ള ഔദ്യോഗിക അംഗീകാരം നിർബന്ധമാണ്. നിതാഖത്ത് പദ്ധതി പ്രകാരം ഡിഗ്രി യോഗ്യതയുള്ള സൗദി അക്കൗണ്ടന്റുമാർക്ക് ചുരുങ്ങിയ വേതനമായി 6000 റിയാലും, ഡിപ്ലോമ യോഗ്യതയുള്ള സൗദി പൗരന്മാരായ അക്കൗണ്ടന്റുമാർക്ക് 4500 റിയാലും കണക്കാക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബിരുദധാരികളായ സൗദി പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമാണ് ഈ തീരുമാനം.