സൗദി: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി; മാസ്ക് ധരിക്കാത്തവർക്ക് പിഴ; ചടങ്ങുകളിൽ 50 പേർ വരെ പങ്കെടുക്കാം

GCC News

COVID-19 പശ്ചാത്തലത്തിൽ സൗദിയിൽ ഏർപ്പെടുത്തിയിരുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെയ് 31 മുതൽ സൗദിയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നത് കണക്കിലെടുത്താണ് സമൂഹ അകലം, പിഴത്തുകകൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ഇതിന്റെ ഭാഗമായി 1000 റിയാൽ മുതൽ 10000 റിയാൽ വരെയുള്ള പിഴ ചുമത്താവുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങളും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.

  • പൊതു ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാതിരിക്കുക, സമൂഹ അകലം പാലിക്കാതിരിക്കുക എന്നീ നിയമ ലംഘനങ്ങൾക്ക് 1000 സൗദി റിയാൽ പിഴ ചുമത്തും.
  • പൊതു മേഖലയിലോ, സ്വകാര്യ മേഖലയിലോ ഉള്ള സ്ഥാപനങ്ങളിലോ, കെട്ടിടങ്ങളിലോ ഏർപ്പെടുത്തിയിട്ടുള്ള ശരീരോഷ്മാവ് അളക്കുന്നതിനുള്ള നടപടികൾ അനുസരിക്കാത്തവർക്ക് 1000 റിയാൽ പിഴ ചുമത്തും.
  • ഉപഭോക്താക്കൾക്ക് വേണ്ടി സാനിറ്റൈസറുകൾ ഏർപെടുത്താത്ത സ്ഥാപനങ്ങളിൽ നിന്ന് 10000 റിയാൽ പിഴ ഈടാക്കുന്നതാണ്.
  • ഷോപ്പിംഗ് ബാഗുകൾ, കാർട്ടുകൾ മുതലായവ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപെടുത്താത്ത സ്ഥാപനങ്ങൾക്കും 10000 റിയാൽ പിഴ ചുമത്തുന്നതാണ്.
  • സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളിൽ ജീവനക്കാരുടെയും, ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് അളക്കുന്നതിനുള്ള നടപടികൾ എടുക്കാത്ത സ്ഥാപനങ്ങൾക്കും 10000 റിയാൽ പിഴ ചുമത്തും.
  • പരിസരങ്ങൾ അണുവിമുക്തമാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 10000 റിയാൽ പിഴ.
  • മാസ്കുകൾ കൂടാതെ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും 10000 റിയാൽ പിഴ ഈടാക്കുന്നതാണ്.

ഇത്തരം പിഴകളും ശിക്ഷാനടപടികളും ആളുകൾ കൂട്ടം ചേരുന്നത് തടയുന്നതിനും, രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നതിനുമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ഇരട്ടി പിഴ ഈടാക്കുന്നതാണ്. പൊതു സമൂഹം ഇത്തരം ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വിവാഹം, മരണാനന്തര ചടങ്ങുകൾ മുതലായവയ്ക്ക് 50 പേർക്ക് വരെ പങ്കെടുക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.