സൗദി: തവക്കൽന ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹജ്ജ് യാത്രാ ടിക്കറ്റുകൾ ഉൾപ്പടെയുള്ള സേവനങ്ങൾ ഉൾപ്പെടുത്തി

GCC News

സൗദിയിലെ ‘Tawakkalna’ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മക്കയിലെ വിവിധ പരിശുദ്ധ ഇടങ്ങളിലേക്ക് യാത്രാ സേവനങ്ങൾ ലഭിക്കുന്നതിനായുള്ള ടിക്കറ്റ്, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന SOS സേവനം മുതലായവ പുതുക്കിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ, ഉപഭോക്താവിന് തങ്ങൾ ഉപയോഗിക്കുന്ന ‘Tawakkalna’ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ പുതുക്കുന്നതിനുള്ള സൗകര്യവും ഈ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താഴെ പറയുന്ന സേവനങ്ങളാണ് ‘Tawakkalna’ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:

  • മക്കയിലെ വിവിധ പരിശുദ്ധ ഇടങ്ങളിലേക്ക് യാത്രാ സേവനങ്ങൾ ലഭിക്കുന്നതിനായുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം.
  • അടിയന്തിര സാഹചര്യങ്ങളിൽ സൗദി റെഡ് ക്രെസെന്റ് അതോറിറ്റിയിലേക്ക് SOS സന്ദേശം അയക്കുന്നതിനുള്ള സൗകര്യം.
  • ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾ.
  • ഹജ്ജ്, ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകരോടൊപ്പം സഹയാത്രികരായി അനുഗമിക്കുന്നവർക്കുള്ള സേവനങ്ങൾ.
  • ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ മാറ്റി നൽകുന്നതിനുള്ള സൗകര്യം.

രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് ഡൊമസ്റ്റിക് യാത്രികരായി സഞ്ചരിക്കുന്നവരുടെ ബോർഡിങ്ങ് പാസുകൾ ‘Tawakkalna’ ആപ്പുമായി ബന്ധിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.