സൗദി – ഇറാൻ ഉഭയകക്ഷിബന്ധം പുനഃസ്ഥാപിച്ച നടപടി പ്രാദേശിക സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ഫൈസൽ ബിൻ ഫർഹാൻ

Saudi Arabia

സൗദി – ഇറാൻ ഉഭയകക്ഷിബന്ധം പുനഃസ്ഥാപിച്ച നടപടി പ്രാദേശിക സുരക്ഷ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട പരമപ്രധാനമായ ഒരു മുഹൂര്‍ത്തമാണെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല വ്യക്തമാക്കി. 2023 ഓഗസ്റ്റ് 17-ന് രാത്രി സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സൗദി അറേബ്യയ്ക്കും, ഇറാനും അതീവ താല്‍പര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്ന നടപടികൾ വ്യക്തമാക്കിക്കൊണ്ട് സംഘടിപ്പിച്ച ഒരു പ്രത്യേക സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ ആമിർ-അബ്ദോല്ലാഹിയാൻ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു. വേൾഡ് എക്പോ 2030 വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന സൗദി അറേബ്യയ്ക്ക് ഇറാൻ നൽകിയ പിന്തുണയ്ക്ക് സൗദി വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു.

ഉഭയകക്ഷിബന്ധം പുനഃസ്ഥാപിച്ച നടപടി ഇരു രാജ്യങ്ങൾക്കും, ഇരു രാജ്യങ്ങളിലെ ജനങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി ഭരണാധികാരിയുടെ ഔദ്യോഗിക ക്ഷണപ്രകാരം സൗദി അറേബ്യ സന്ദർശിക്കാനിരിക്കുന്ന ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റൈസിയെ വരവേൽക്കുന്നതിനായി ഏറെ താത്പര്യത്തോടെ കാത്തിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളുടെയും തലസ്ഥാന നഗരികളിൽ സൗദി, ഇറാൻ നയതന്ത്രകാര്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചതും, അംബാസഡർമാർ ഔദ്യോഗിക കൃത്യനിർവഹണം പുനരാരംഭിച്ചതും ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവെപ്പുകളിൽപ്പെടുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ 2023 മാർച്ച് 10-ന് ചൈനയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളിൽ ധാരണയിലെത്തിയിരുന്നു.

നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനൊപ്പം വ്യാപാര, നിക്ഷേപ, സുരക്ഷാ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെ കൈകൊണ്ടിട്ടുള്ള തീരുമാനങ്ങൾ പ്രകാരമുള്ള നടപടികൾ പുനരാരംഭിക്കാനും സൗദി അറേബ്യയും, ഇറാനും ധാരണയിലെത്തിയിട്ടുണ്ട്.

Cover Image: Saudi Press Agency.