സൗദി അറേബ്യ: നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് ലൈസൻസ് നൽകി

featured GCC News

നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് (Special Economic Zones) സൗദി അറേബ്യ ഔദ്യോഗിക പ്രവർത്തന ലൈസൻസ് നൽകി. സൗദി മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെന്റും, ഇക്കണോമിക് സിറ്റീസ് ആൻഡ് സ്പെഷ്യൽ സോൺസ് അതോറിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫാലിഹാണ് ഈ ലൈസൻസുകൾ നൽകിയത്.

2023 മെയ് 29-ന് റിയാദിൽ വെച്ച് നടന്ന സൗദി സ്പെഷ്യൽ സോൺസ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ വെച്ചാണ് അദ്ദേഹം ഈ ലൈസൻസുകൾ ഔദ്യോഗികമായി നൽകിയത്. വിവിധ വകുപ്പ് മന്ത്രിമാർ ഈ ചടങ്ങിൽ പങ്കെടുത്തു.

Source: @Khalid_AlFalih

റിയാദ്, ജസാൻ, റാസ് അൽ ഖൈർ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് ഈ പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥിതി ചെയ്യുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപം ഉൾപ്പടെ നിക്ഷേപകരെ ആകർഷിക്കുന്നതിനായാണ് ഈ പ്രത്യേക സാമ്പത്തിക മേഖലകൾ തുറന്നിരിക്കുന്നത്.

ഈ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇറക്കുമതിയിൽ കസ്റ്റംസ് നികുതി ഒഴിവാക്കൽ, കോർപ്പറേറ്റ് നികുതി ഇളവ്, പൂർണ്ണമായുള്ള വിദേശ ഉടമസ്ഥാവകാശം തുടങ്ങിയ ആകർഷകങ്ങളായ നിരവധി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്.

ഇത്തരം പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നടത്തുന്ന ഇടപാടുകൾക്ക് വാറ്റ് നികുതി ഇളവ് നൽകുമെന്നും, ടാക്സ് ഡിസ്‌കൗണ്ട് നൽകുമെന്നും സൗദി മിനിസ്റ്റർ ഓഫ് ഫിനാൻസ് മുഹമ്മദ് അൽ ജാദൻ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണ നിയമങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെന്ന് സൗദി മിനിസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് അഹ്‌മദ്‌ അൽ രാജ്‌ഹി വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: @Khalid_AlFalih.