ബഹ്‌റൈൻ: പ്രായമായവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിനുള്ള ഇടവേള കുറച്ചതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ പ്രായമായവരുൾപ്പടെ രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള ഇടവേള കുറച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.

ഈ തീരുമാനപ്രകാരം, ഇത്തരം വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ഒരു മാസം പൂർത്തിയാകുന്നതോടെ ബൂസ്റ്റർ ഡോസിന് അർഹതയുണ്ടായിരിക്കുന്നതാണ്. ഈ തീരുമാനം ബഹ്‌റൈനിലെ താഴെ പറയുന്ന വിഭാഗങ്ങൾക്ക് ബാധകമാണ്.

  • അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ.
  • അമ്പത് വയസിന് താഴെ പ്രായമുള്ള അമിതവണ്ണമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, വിട്ടുമാറാത്ത മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവർ തുടങ്ങിയവർ.
  • ആരോഗ്യ പ്രവർത്തകർ.

ഇത്തരക്കാരിൽ COVID-19-നെതിരായ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് ബൂസ്റ്റർ ഡോസ് വളരെ ഫലപ്രദമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസ് ലഭിച്ചവർ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ഗുരുതര രോഗലക്ഷണങ്ങൾ തടയാനാകുമെന്നും, രോഗബാധ ഗുരുതരമായ രീതിയിലേക്ക് പോകുന്നത് ഒഴിവാക്കാനാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.