രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ മുന്നണിയിലെ പ്രവർത്തകരെ ആദരിക്കുന്നതിനായി സൗദി പോസ്റ്റ് ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയിലെ കൊറോണാ വൈറസിനെതിരായ പോരാട്ടത്തിലെ മുൻനിരയിൽ സ്വയം മറന്ന് പ്രവർത്തിച്ച പ്രതിരോധ പ്രവർത്തകരുടെ മഹത്തായ സേവനങ്ങളെ അംഗീകരിക്കുന്നതിനായാണ് സൗദി പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ്, ഒരു പ്രത്യേക പോസ്റ്റുകാർഡ് എന്നിവ പുറത്തിറക്കിയിരിക്കുന്നത്.
സൗദിയിലെ പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രവർത്തിച്ച COVID-19 സേവനരംഗത്തുള്ള ധീരന്മാർക്ക് നന്ദി അറിയിക്കുന്നതിനായി “താങ്ക്യൂ, അവർ ഹീറോസ്” എന്ന ആശയം അടിസ്ഥാനമാക്കിയാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡോക്ടർ, നേഴ്സ്, പോലീസ്, സൈനികർ തുടങ്ങിയ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ സ്വന്തം ജീവൻ പണയപ്പെടുത്തി സമൂഹത്തിനായി സേവനത്തിനിറങ്ങിയ പ്രവർത്തകരെ ഈ തപാൽ മുദ്രയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഈ ശ്രേണിയിൽപ്പെടുന്ന സ്റ്റാമ്പിന് 3 റിയാൽ, പോസ്റ്റുകാർഡിന് 5 റിയാൽ എന്നിങ്ങനെയാണ് വില.
നേരത്തെ യു എ ഇ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളും COVID-19 മുൻനിര പോരാളികളെ ആദരിക്കുന്നതിനായി പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു.