സൗദി: സ്വകാര്യ മേഖലയിലെ പ്രവാസികളുമായി ബന്ധപ്പെട്ട പരിഷ്കരിച്ച തൊഴിൽ നിയമങ്ങൾ ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ

featured GCC News

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളിലെ പരിഷ്കരണ നടപടികൾ മാർച്ച് 14, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സ്വകാര്യ മേഖലയിലെ തൊഴിലുടമകളും, ജീവനക്കാരും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ ചരിത്രപ്രധാനമായ തീരുമാനം സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) പ്രഖ്യാപിച്ചിട്ടുള്ളത്.

2020 നവംബർ 4-നാണ് HRSD ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്. 2021 മാർച്ച് 14 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ജോലി മാറുന്നതിനുള്ള നിബന്ധനകൾ കൂടുതൽ സുഗമമാകുന്നതാണ്. ഈ തീരുമാന പ്രകാരം പ്രവാസി ജീവക്കാർക്ക് ഒരു തൊഴിലുടമയുമായുള്ള കരാർ കാലാവധി അവസാനിക്കുന്നതോടെ, നിലവിലെ തൊഴിലുടമയിൽ നിന്നുള്ള പ്രത്യേക സമ്മതം കൂടാതെ തന്നെ, മറ്റൊരു ജോലിയിലേക്ക് മാറാവുന്നതാണ്. ഇതോടൊപ്പം, തൊഴിൽ കാലാവധി പൂർത്തിയാക്കിയ തൊഴിലാളികൾക്ക്, തൊഴിലുടമയുടെ അനുവാദമില്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവകാശവും ഈ പരിഷ്ക്കരിച്ച തൊഴിൽ നിയമങ്ങൾ ഉറപ്പ് നൽകുന്നുണ്ട്.

ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി തൊഴിലുടമകളും, തൊഴിലാളികളും തമ്മിലുള്ള കരാറുകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതാണ്. സൗദിയിലെ തൊഴിൽ വിപണി കൂടുതൽ ആകർഷകമാക്കുന്നതിനും HRSD ഈ പരിഷ്കരണങ്ങളിലൂടെ ലക്ഷ്യമിടുന്നു. ഏതാണ്ട് 10 ദശലക്ഷത്തോളം പ്രവാസി തൊഴിലാളികൾക്ക് ഈ പരിഷ്കരിച്ച തൊഴിൽ നിയമങ്ങളുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഒരു തൊഴിലുടമയുടെ കീഴിലല്ലാതെ റെസിഡൻസി നേടുന്നതിന് പ്രവാസികൾക്ക് അവസരം ലഭിക്കുന്നതാണ്. എക്സിറ്റ്, റീ-എൻട്രി വിസകളിലെ പരിഷ്‌കാരങ്ങൾ പ്രകാരം, പ്രവാസി തൊഴിലാളികൾക്ക് അവധി സംബന്ധമായ അപേക്ഷ സമർപ്പിച്ച ശേഷം, തൊഴിലുടമയുടെ അനുവാദം ഇല്ലാതെ തന്നെ സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ഈ പുതിയ നയങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് പ്രവേശിച്ച ശേഷം നിലവിലെ തൊഴിലുടമയുടെ കീഴിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും പൂർത്തിയാക്കിയവരും, നിലവിലെ തൊഴിലുടമയുമായി രേഖാമൂലം സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാർ ഉള്ളവരുമായ പ്രവാസി തൊഴിലാളികൾക്കാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. പുതിയ തീരുമാനങ്ങൾ പ്രകാരം, പ്രവാസി ജീവനക്കാർക്ക് തൊഴിൽ മാറുന്നതിനുള്ള അനുവാദം ലഭിക്കുന്നതിനായി, പുതിയ തൊഴിലുടമയിൽ നിന്നുള്ള ജോലി വാഗ്ദാനം ചെയ്‌തുകൊണ്ടുള്ള രേഖ, പുതിയ തൊഴിലുടമ മന്ത്രാലയത്തിലെ ‘Qiwa’ വെബ്സൈറ്റിലൂടെ നൽകേണ്ടതാണ്. ഇതോടെ നിലവിലെ തൊഴിലുടമയ്ക്ക് ഇത് സംബന്ധമായ അറിയിപ്പ് ലഭിക്കുന്നതും, ജോലി മാറുന്നതിനായുള്ള നോട്ടീസ് കാലാവധി സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നതുമാണ്. ജീവനക്കാരുടെ വേതനത്തിന് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി, തൊഴിൽ കരാറുകൾ ഡിജിറ്റൽ ആയി നൽകുന്ന രീതി എന്നിവയെല്ലാം പുതിയ തൊഴിലുടമ പാലിക്കേണ്ടതാണ്. വിസ ട്രാൻസ്ഫർ ചെയ്യുന്നതിനായി നിലവിലെ നിരക്കുകൾക്ക് പുറമെ പ്രത്യേക ഫീസ് ഒന്നും ഉണ്ടായിരിക്കില്ല.