സൗദി: വാരാന്ത്യ ദിനങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് MHRSD

GCC News

രാജ്യത്തെ ആഴ്ച്ച തോറുമുള്ള പ്രവർത്തിദിനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

MHRSD ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മദിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാരാന്ത്യ ദിനങ്ങളുടെ എണ്ണം ഉയർത്താനും, ആഴ്ച്ച തോറുമുള്ള പ്രവർത്തിദിനങ്ങളുടെ എണ്ണം കുറയ്ക്കാനും മന്ത്രാലയം തീരുമാനിക്കുന്നു എന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള വാർത്തകൾ മാത്രം നൽകുന്നതിന് മന്ത്രാലയം മാധ്യമങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ആഴ്ച്ച തോറുമുള്ള പ്രവർത്തിദിനങ്ങളുടെ എണ്ണം നാല് ദിവസമാക്കുന്നതിന് തീരുമാനിച്ചതായി മാധ്യമങ്ങളിൽ വന്ന വാർത്തകൾ തള്ളിക്കളയുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി MHRSD മന്ത്രി അഹ്‌മദ്‌ അൽ രാജ്‌ഹി കഴിഞ്ഞ ദിവസം ഒരു ഔദ്യോഗിക പത്രസമ്മേളനത്തിൽ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങൾ ഇക്കാര്യം തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്തത്. ആഗോള നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി ആവശ്യമെങ്കിൽ രാജ്യത്ത് പുതിയ തൊഴിൽ സംവിധാനങ്ങളും, രീതികളും നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം ഈ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.