പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിലെ വീഴ്ച്ചകൾ റിപ്പോർട്ട് ചെയ്യാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ തീരുമാനം സംബന്ധിച്ച് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന വീഴ്ച്ചകൾ MHRSD-യുടെ ആപ്പിലൂടെയും, 19911 എന്ന മന്ത്രാലയത്തിന്റെ കസ്റ്റമർ സർവീസ് നമ്പറിലൂടെയും പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുന്നത്.
ഈ തീരുമാനം കർശനമായി നടപ്പിലാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 2023 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്കാണ് സൗദി അറേബ്യയിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്.
രാജ്യത്തെ സ്വകാര്യ മേഖലയിൽ സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച 15/7/1435 (3337) എന്ന ഔദ്യോഗിക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.