COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരിൽ രോഗപ്രതിരോധ ശേഷി കുറയുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, ഊഹാപോഹങ്ങളും തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉയർന്ന രോഗപ്രതിരോധ ശേഷി നേടുന്നതിന് വാക്സിനുകൾ സഹായകമാണെന്നും, മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് മിനിസ്റ്റർ ഡോ. മുഹമ്മദ് അൽ അബ്ദെൽ അലി കൂട്ടിച്ചേർത്തു.
മാർച്ച് 1-ന് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. വാക്സിൻ കുത്തിവെക്കുന്നവരിൽ ആദ്യ ദിനങ്ങളിൽ രോഗപ്രതിരോധ ശേഷി കുറയുമെന്നും, കൊറോണ വൈറസ് രോഗബാധ ഉൾപ്പടെ വിവിധ രോഗങ്ങൾ ബാധിക്കുന്നതിന് ഇടയാക്കുമെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റും വന്നതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച വ്യക്തത നൽകിയത്. വാക്സിനുകൾ രോഗപ്രതിരോധ ശേഷി കൂട്ടുമെന്നും, വാക്സിൻ സ്വീകരിച്ച് ഏതാനം ആഴ്ച്ചകൾക്ക് ശേഷം ഉയർന്ന രോഗപ്രതിരോധ ശേഷി കൈവരിക്കാനാകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ 780667 ഡോസ് വാക്സിൻ നൽകിയതായും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനായുള്ള രജിസ്ട്രേഷൻ ‘Sehhaty’ ആപ്പിലൂടെ പൂർത്തിയാക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.