COVID-19 രോഗവ്യാപനം നേരിടുന്നതിനായി സമൂഹത്തിന്റെ കൈവശമുള്ള ഏറ്റവും മികച്ച ആയുധം, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, പ്രതിരോധ നിബന്ധനകളിൽ നിന്ന് വ്യതിചലിക്കാത്ത ജീവിതരീതിയുമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരികയാണെങ്കിലും, ജാഗ്രത തുടരണമെന്ന് അദ്ദേഹം പൗരന്മാരോടും, നിവാസികളോടും ആവശ്യപ്പെട്ടു.
“സുരക്ഷാ നിർദ്ദേശങ്ങളുടെ അവലംബനമാണ് നമ്മുടെ മുന്നിലുള്ള ആയുധം, അലക്ഷ്യമായ ശീലങ്ങൾ നമ്മളെ അപായപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ.”, സൗദി നാഷണൽ ഡേ ആഘോഷങ്ങളിൽ പ്രകടമായ വലിയ ഒത്തുചേരലുകളും മറ്റും ചൂണ്ടികാട്ടിക്കൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിലവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ സൗദി കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും, രാജ്യത്തെ രോഗമുക്തി നിരക്ക് 94 ശതമാനം കടന്നതായും അദ്ദേഹം അറിയിച്ചു.
“മഹാമാരിയുടെ വ്യാപനത്തിനിടയാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. നമ്മൾ പുലർത്തേണ്ടതായ ജാഗ്രത പ്രകടമാക്കാത്ത തരത്തിൽ സമൂഹത്തിൽ നിന്ന് വരുന്ന കാഴ്ച്ചകൾ ദൗർഭാഗ്യകരമാണ്.”, COVID-19 പ്രതിരോധ നിർദ്ദേശങ്ങളുടെ പ്രാധാന്യം ഓർമ്മപെടുത്തിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. മുഴുവൻ സമൂഹത്തോടും ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
സൗദി നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് പ്രകടമായത്. ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ മാളുകളിലും, തെരുവുകളിലും മറ്റും വലിയ രീതിയിൽ ഒത്തുചേരാനിടയായത്, രാജ്യത്ത് വീണ്ടും കൊറോണ വൈറസ് വ്യാപനം വർധിക്കാൻ ഇടയാക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.
“നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രകടമായ ജനത്തിരക്കും, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകളും തീർത്തും നിർഭാഗ്യകരവും, ആശങ്കകൾക്കിടയാക്കുന്നതുമാണ്.”, ആരോഗ്യ മന്ത്രാലയം വക്താവ് അൽ അബ്ദ് അൽ അലി ട്വിറ്ററിലൂടെ പ്രതികരിച്ചു. “മഹാമാരി സമൂഹത്തിൽ അതിശക്തമായിത്തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സ്വന്തം ആരോഗ്യവും, തങ്ങൾ സ്നേഹിക്കുന്നവരുടെയും, പൊതുജനങ്ങളുടെയും ആരോഗ്യം, ജീവൻ, സുരക്ഷാ എന്നിവയും കണക്കിലെടുത്ത് എല്ലാവരും ഈ പ്രതിരോധത്തിൽ സഹകരിക്കാൻ ആവശ്യപ്പെടുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.