നവംബർ 1 മുതൽ സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളുടെ പട്ടിക സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം തീരുമാനം കൈക്കൊള്ളുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു. ഒക്ടോബർ 4 മുതൽ ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം പുനരാരംഭിക്കാനും, നവംബർ 1 മുതൽ രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് അനുവാദം നൽകുന്നതിനും തീരുമാനിച്ചതായി സൗദി നേരത്തെ അറിയിച്ചിരുന്നു.
അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി പ്രത്യേക ഡിജിറ്റൽ സംവിധാനത്തിലൂടെ നിയന്ത്രിക്കുന്ന യാത്രാപാത ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 4 മുതൽ, സൗദിയിൽ നിലവിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകാനുള്ള തീരുമാന പ്രകാരം, ആദ്യ ഘട്ടത്തിൽ ഓരോ 24 മണിക്കൂർ കാലയളവിലും, 12 സംഘങ്ങളായുള്ള തീർത്ഥാടകർക്ക് മാത്രമായിരിക്കും ഉംറ അനുഷ്ഠിക്കാൻ അനുവാദം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ തീർത്ഥാടക സംഘത്തിലും, ഒരു ആരോഗ്യ പ്രവർത്തകന്റെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 18-നും 65-നും ഇടയിൽ പ്രായമുള്ള തീർത്ഥാടകർക്ക് മാത്രമാണ് അനുമതി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉംറ തീർത്ഥാടകർക്കുള്ള പ്രവേശനാനുമതി പൂർണ്ണമായും ‘I’tamarna’ സ്മാർട്ട്ഫോൺ ആപ്പിലൂടെയായിരിക്കും നടപ്പിലാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഒക്ടോബർ 4 മുതലാരംഭിക്കുന്ന ഉംറ തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സൗദിയിൽ നിലവിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ‘I’tamarna’ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. സെപ്റ്റംബർ 27 മുതൽ ഉംറ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ ആരംഭിച്ച് ഏതാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ 16000-ത്തിൽ പരം തീർത്ഥാടകർ ഈ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ പത്ത് ദിവസത്തേക്കുള്ള തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ ഇതിനകം തന്നെ പൂർത്തിയായതായാണ് ലഭിക്കുന്ന വിവരം.