2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിനും, സാംസ്‌കാരിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും COVID-19 വാക്സിൻ സ്വീകരിച്ചിരിക്കണമെന്നത് നിർബന്ധമാണെന്ന അറിയിപ്പ് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തെ കൊറോണ വൈറസ് സാഹചര്യങ്ങളെക്കുറിച്ച് അറിയിക്കുന്നതിനായി ജൂൺ 27-ന് നടന്ന പത്രസമ്മേളനത്തിൽ സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് ലെഫ്റ്റനന്റ് കേണൽ തലാൽ അൽ ഷൽഹൊയൂബാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കാണ് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ മുതലായവയിലേക്ക് പ്രവേശിക്കാനാകുക എന്ന് അദ്ദേഹം ആവർത്തിച്ചു. സാംസ്‌കാരിക കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ, കായികവിനോദ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുന്നതിനും, രാജ്യത്ത് നടത്തുന്ന മുഴുവൻ സാംസ്‌കാരിക, സാമൂഹിക, വിനോദ, ശാസ്ത്രീയ പരിപാടികളിലേക്കും, ചടങ്ങുകളിലേക്കും പ്രവേശിക്കുന്നതിനും വാക്സിൻ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ഓഗസ്റ്റ് 1 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തെ തൊഴിലിടങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കുക എന്ന് സൗദി ആഭ്യന്തര മന്ത്രാലയം മെയ് 18-ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ട്.
രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അദ്ദേഹം ജനങ്ങളോട് പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ സൗദിയിൽ ഇത്തരം ലംഘനങ്ങൾക്ക് പതിനേഴായിരത്തിയലധികം പേർക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. COVID-19 മാനദണ്ഡങ്ങൾ മറികടന്ന് ഒത്ത് ചേരുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം ഒത്ത് ചേരലുകളിൽ പങ്കെടുക്കുന്നവർക്കും, ഇവ സംഘടിപ്പിക്കുന്നവർക്കും കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.