രാജ്യത്തെ COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ മറികടന്ന് കൊണ്ട് വലിയ കുടുംബസംഗമങ്ങൾ, മറ്റു രീതിയിലുള്ള ഒത്ത് ചേരലുകൾ എന്നിവ സംഘടിപ്പിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരേ കുടുംബത്തിൽ നിന്നുള്ളതല്ലാത്ത, അനുവദനീയമായ പരിധിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വീടുകൾ, റസ്റ്റ് ഹൗസുകൾ, ഫാം ഹൗസുകൾ, തുടങ്ങിയ ഇടങ്ങളിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങൾക്കെതിരെയാണ് അധികൃതർ ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഇത്തരം ലംഘനങ്ങളിൽ പങ്കെടുക്കുന്നവർക്ക് പരമാവധി 5000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ഒത്ത് ചേരലുകളിലേക്ക് ആളുകളെ ക്ഷണിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലംഘനങ്ങൾ തുടരുന്നവർക്ക് ഇത്തരത്തിൽ ഒരു ലക്ഷം റിയാൽ വരെ പിഴയായി ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.