സമ്മാനതുകകൾ വാഗ്ദാനം ചെയ്ത് കൊണ്ടെത്തുന്ന തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2022 ഡിസംബർ 1-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇത്തരം സന്ദേശങ്ങൾ വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള തട്ടിപ്പാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങൾക്ക് മറുപടി അയക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നതിനും, ദുരുപയോഗം ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വ്യാജസന്ദേശങ്ങൾ ലഭിക്കുന്നവർ ഇത് സംബന്ധിച്ച വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയോ , 911 (മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്), 999 (സൗദിയിലെ മറ്റു പ്രദേശങ്ങൾ) എന്നീ നമ്പറുകളിലൂടെയോ അധികൃതരെ അറിയിക്കാവുന്നതാണ്.