യു എ ഇ: അമ്പത്തൊന്നാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി

featured GCC News

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഒരു പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നൂതനമായ രൂപകല്പന, നവീനമായ സുരക്ഷാ ഘടകങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ഈ കറൻസി നോട്ട് പുറത്തിറക്കിയിരിക്കുന്നത്. പോളിമർ മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ ബാങ്ക് നോട്ട് നിർമ്മിച്ചിട്ടുള്ളത്.

ദേശീയ കറൻസി പദ്ധതിയുടെ മൂന്നാം ശ്രേണിയിൽ ഉൾപ്പെടുന്ന നാലാമത്തെ ബാങ്ക് നോട്ടാണ് ഇത്. രാജ്യത്തിന്റെ ഐക്യം, ആഗോളതലത്തിൽ കൈവരിച്ചിട്ടുള്ള ദ്രുതഗതിയിലുള്ള വികാസം എന്നിവ സൂചിപ്പിക്കുന്ന ചിത്രങ്ങൾക്കൊപ്പം, യു എ ഇയുടെ സംസ്കാരം, പുരോഗതി എന്നിവയുടെ പ്രതീകങ്ങളും ഉൾപ്പെടുത്തിയാണ് ഈ 1000 ദിർഹം കറൻസി നോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ പുതിയ ആയിരം ദിർഹം നോട്ടിന്റെ മുൻഭാഗത്ത് വലതുവശത്തായി അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാചിത്രവും, ഒരു സ്പേസ് ഷട്ടിലിന്റെ ദൃശ്യവും ആലേഖനം ചെയ്തിരിക്കുന്നു. ബഹിരാകാശ പര്യവേഷണ മേഖലയിൽ രാജ്യത്തെ നയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ട് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1976-ൽ അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസയുമായി നടത്തിയ കൂടിക്കാഴ്ചയുടെ സ്മരണകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരം ഒരു രൂപകൽപന.

New 1000AED polymer currency note. Front Side. Source: Dubai Media Office.

ഈ ആഗ്രഹം 2021-ൽ യു എ ഇ സാക്ഷാത്കരിച്ചതിന്റെ പ്രതീകമായി മാർസ് മിഷന്റെ ഭാഗമായുള്ള ഹോപ്പ് പ്രോബ് ദൃശ്യവും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബാങ്ക് നോട്ടിൽ ഇരുവശത്തുമായി ഉൾപ്പെടുത്തിയിട്ടുള്ള ബാഹ്യാകാശയാത്രികന്റെ രൂപത്തിലുള്ള സെക്യൂരിറ്റി മാർക്കിലും ഈ ആഗ്രഹത്തിന്റെ സ്മരണകൾ ദർശിക്കാവുന്നതാണ്.

New 1000AED polymer currency note. Back Side. Source: Dubai Media Office.

നോട്ടിന്റെ മറുവശത്ത് അബുദാബി എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന ബാറാഖ ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ ദൃശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്. കാർബൺ പ്രസാരണം ഒഴിവാക്കിക്കൊണ്ടുള്ള ഊർജ്ജസ്രോതസുകളുടെ ഉപയോഗത്തെ ഇത് സൂചിപ്പിക്കുന്നു.

സുസ്ഥിരതാ നയത്തിന്റെ ഭാഗമായാണ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഈ ബാങ്ക് നോട്ട് പോളിമർ കൊണ്ട് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത കോട്ടൺ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈട് നിൽക്കുന്നതും, സുസ്ഥിരവുമാണ് പോളിമർ ബാങ്ക് നോട്ടുകൾ.

ഇവ പ്രചാരത്തിൽ പരമ്പരാഗത നോട്ടുകളേക്കാൾ രണ്ടോ അതിലധികമോ മടങ്ങ് നീണ്ടുനിൽക്കുന്നതാണ്. പോളിമർ പൂർണ്ണമായും റീസൈക്കിൾ ചെയ്യാൻ കഴിയുന്നതിനാൽ, ഇവ പരിസ്ഥിക്ക് ഇണങ്ങുന്നതുമാണ്.

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നിലവിലുള്ള ആയിരം ദിർഹം നോട്ടിന് സമാനമായ വ്യത്യസ്തമായ ബ്രൗൺ ഷേഡുകൾ ഉപയോഗിച്ചാണ് ഈ പുതിയ പോളിമർ നോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. ഫ്ലൂറസെന്റ് നീല നിറത്തിൽ നോട്ടിന്റെ മധ്യഭാഗത്ത് അടയാളപ്പെടുത്തിയിട്ടുള്ള യു എ ഇ നാഷൻ ബ്രാൻഡ്, നൂതന ഇന്റാഗ്ലിയോ പ്രിന്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ഡ്രോയിംഗുകൾ, ലിഖിതങ്ങൾ എന്നിവയ്ക്കൊപ്പം കാഴ്ചാ വൈകല്യമുള്ള ഉപഭോക്താക്കൾക്കായി ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന ബ്രെയിൽ ചിഹ്നങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും കള്ളപ്പണത്തെ ചെറുക്കുന്നതിനുമായി വിപുലമായ സുരക്ഷാ ഫീച്ചറുകളും പുതിയ 1000 ദിർഹം ബാങ്ക് നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജി സി സിയിലും, വടക്കൻ ആഫ്രിക്കൻ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും വെച്ച് ഏറ്റവും വലിയ വിവിധ വർണ്ണങ്ങളിലുള്ള ഫോയിൽ സ്ട്രിപ്പാണ് (KINEGRAM സാങ്കേതികവിദ്യ ഉപയോഗിക്കുന്ന) നോട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ പുതിയ നോട്ട് 2023-ന്റെ ആദ്യ പകുതിയിൽ എടിഎമ്മുകളിൽ ലഭ്യമാക്കുന്നതാണ്. നിലവിലെ 1000 ദിർഹം ബാങ്ക് നോട്ട്, നിയമപ്രകാരം മൂല്യം ഉറപ്പുനൽകുന്ന ഒരു ബാങ്ക് നോട്ടായി പ്രചാരത്തിൽ തുടരുമെന്നും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ അറിയിച്ചിട്ടുണ്ട്.

പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള യു എ ഇയിലെ ആദ്യ ബാങ്ക് നോട്ട് യു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2021-ൽ പുറത്തിറക്കിയിരുന്നു.

അമ്പത് ദിർഹം കറൻസി നോട്ടിന്റെ മൂന്നാം പതിപ്പായാണ് ഈ നോട്ട് പുറത്തിറക്കിയത്.

തുടർന്ന് 2022 ഏപ്രിലിൽ യു എ ഇ പുതിയ അഞ്ച്, പത്ത് ദിർഹം പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കിയിരുന്നു.

WAM