രാജ്യത്ത് COVID-19 മഹാമാരി സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി തെളിയിക്കപ്പെടുന്നവർക്ക് ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
COVID-19 സംബന്ധമായ തെറ്റായ വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു ലക്ഷം റിയാൽ പിഴയും, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവർത്തികൾക്ക് പരമാവധി ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളിൽ പരിഭ്രാന്തി ഉളവാക്കുന്ന ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തപ്പെടാവുന്നതാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. അജ്ഞാത സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ മാധ്യമങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.