2022 മെയ് 13, വെള്ളിയാഴ്ച മുതൽ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഉഷ്‌ണതരംഗത്തിനും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യവ്യാപകമായി ശക്തമായ പൊടിക്കാറ്റും, 49 ഡിഗ്രീ സെൽഷ്യസ് വരെ ഉയർന്ന അന്തരീക്ഷ താപനിലയും അനുഭവപ്പെടാമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ പ്രതിഭാസം മെയ് 13 മുതൽ മെയ് 16 വരെ നീണ്ടുനിൽക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മക്ക, മദീന തുടങ്ങിയ മേഖലകളിൽ ഉഷ്‌ണതരംഗം പ്രധാനമായി അനുഭവപ്പെടാമെന്നും, ഈ മേഖലയിൽ അന്തരീക്ഷ താപനില 46 മുതൽ 49 ഡിഗ്രീ സെൽഷ്യസ് വരെ ഉയരാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. യാൻബു, രാബിഗ്, ജിദ്ദ മുതലായ മേഖലകളിലും തബുക്കിലെ തെക്കൻ ഉംലൂജ് തീരപ്രദേശങ്ങളിലും ഈ ഉഷ്‌ണതരംഗം അനുഭവപ്പെടുന്നതാണ്. ഉഷ്‌ണതരംഗത്തെത്തുടർന്നുണ്ടാവുന്ന പൊടിക്കാറ്റിൽ കാഴ്ച്ച പൂർണ്ണമായും മറയാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.