അറബിക് കലിഗ്രഫിയുമായി ബന്ധപ്പെട്ട് സൗദി പോസ്റ്റും, സൗദി മിനിസ്ട്രി ഓഫ് കൾച്ചറും ചേർന്ന് സംയുക്തമായി ഏതാനം സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. അറബിക് കലിഗ്രഫി ശ്രേണിയിലെ നാല് സ്റ്റാമ്പുകൾ അടങ്ങിയ രണ്ടാമത്തെ സെറ്റാണ് സൗദി പോസ്റ്റ് ജൂൺ 10-ന് പുറത്തിറക്കിയത്. 3 റിയാലാണ് ഈ സ്റ്റാമ്പുകളുടെ മൂല്യം.
2021 എന്ന വർഷത്തെ അറബിക് കലിഗ്രഫിയുടെ വർഷമായി ആഘോഷിക്കുന്നതിനായി സൗദി മിനിസ്ട്രി ഓഫ് കൾച്ചർ സംഘടിപ്പിക്കുന്ന ‘ഇയർ ഓഫ് അറബിക് കലിഗ്രഫി’ എന്ന പ്രത്യേക പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുള്ളത്. സമൂഹത്തിൽ അറബിക് കലിഗ്രഫി എന്ന കലാരൂപത്തിന് കൂടുതൽ പ്രചാരണം നൽകുന്നതിനായുള്ള ‘ഇയർ ഓഫ് അറബിക് കലിഗ്രഫി’ പ്രചാരണ പരിപാടിയുടെ ഭാഗമായി 2021-ൽ 12 പ്രത്യേക സ്റ്റാമ്പുകളാണ് മന്ത്രാലയം പുറത്തിറക്കുന്നത്.
അക്ഷരങ്ങളെ പ്രത്യേക രീതിയിൽ ക്രമീകരിക്കുന്നതിലൂടെ നയനസുഭഗമായ ചിത്രങ്ങൾക്ക് രൂപം നൽകുന്ന കലിഗ്രഫി എന്ന കലാരൂപം പൊതുസമൂഹത്തിലെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനാണ് ഈ സ്റ്റാമ്പുകളിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് ഘട്ടങ്ങളായാണ് ഈ 12 സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നത്. ഇതിലെ ആദ്യ നാല് സ്റ്റാമ്പുകൾ മാർച്ച് 30-ന് സൗദി പോസ്റ്റ് പുറത്തിറക്കിയിരുന്നു. ഈ ശ്രേണിയിലെ രണ്ടാമത്തെ നാല് സ്റ്റാമ്പുകളാണിപ്പോൾ ജൂൺ 10-ന് സൗദി പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ബാക്കിയുള്ള നാല് സ്റ്റാമ്പുകൾ 2021 ഓഗസ്റ്റിൽ പുറത്തിറക്കുമെന്നാണ് സൂചന.
Cover Image: Saudi Press Agency