ഒമാൻ: മസ്കറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുമെന്ന് സൂചന

GCC News

മസ്കറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമാനിൽ നിലവിൽ നടപ്പിലാക്കിവരുന്ന വിപുലീകരിച്ച COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി കൂടുതൽ പേരിലേക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ.

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിലാണ് ഈ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ഇതിന്റെ നിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങൾ പൂർത്തിയാക്കുന്നതിനായുള്ള നടപടികൾ അസോസിയേഷൻ ആരോഗ്യ മന്ത്രലയവുമായി ചേർന്ന് നടത്തിവരികയാണ്.

ഈ വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നവർക്ക് തങ്ങളുടെ വാഹനങ്ങളിലിരുന്ന് കൊണ്ട് 20 മിനിറ്റ് കൊണ്ട് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ ഡ്രൈവ്-ത്രൂ കേന്ദ്രം ഒരുക്കുന്നത്. ഈ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ ആരംഭിക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആരോഗ്യ വകുപ്പിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതാണ്.

ഈ വർഷം അവസാനത്തോടെ രാജ്യത്തെ ഏതാണ്ട് 70 ശതമാനം പേരിലേക്ക് വാക്സിൻ എത്തിക്കുന്നതിനാണ് ഒമാൻ ലക്ഷ്യമിടുന്നത്. ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രത്തിന് പുറമെ, രാജ്യവ്യാപകമായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഒരു വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിനും ആരോഗ്യ മന്ത്രാലയം പദ്ധതികൾ ഒരുക്കുന്നുണ്ട്.