രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരെ കൈക്കൊള്ളുന്ന വിചാരണ നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തത നൽകി. സൗദിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം രാജ്യം വിടുന്ന വിദേശികൾക്കെതിരെ സ്വീകരിക്കുന്ന നിയമനടപടികൾ സംബന്ധിച്ചാണ് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകിയത്.
സൗദിയിൽ വെച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കെടുത്ത ശേഷം സ്വദേശങ്ങളിലേക്ക് തിരികെ മടങ്ങിയ വിദേശികൾ, ഇത്തരം കേസുകളിൽ കുറ്റാരോപിതരാകുന്ന സാഹചര്യത്തിൽ, തുടർനടപടികൾക്കും, വിചാരണയ്ക്കുമായി ഇത്തരം വിദേശികളെ വിട്ടുകിട്ടുന്നതിനായുള്ള അപേക്ഷകൾ സൗദി അറേബ്യ അതാത് രാജ്യങ്ങളിലെ അന്താരാഷ്ട്ര സഹകരണ വകുപ്പുകളിൽ സമർപ്പിക്കുമെന്നും, ഇവരെ സൗദിയിൽ വെച്ചുള്ള നിയമനടപടികൾ നേരിടുന്നതിനായി മടക്കി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. സൗദിയിലെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനായി പ്രവർത്തിക്കുന്ന വകുപ്പുമായി ബന്ധപ്പെട്ട അബ്ദുള്ള അൽ സഹ്റാനി എന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരത്തിൽ കുറ്റാരോപിതരാകുന്ന വിദേശികളുടെ രാജ്യങ്ങൾക്ക് അവരെ നിയമനടപടികൾക്കായി സൗദി അധികൃതരെ ഏൽപ്പിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റാരോപിതരാകുന്ന വിദേശികൾക്കെതിരെ അവരുടെ സ്വന്തം രാജ്യങ്ങളിലെ നിയമസംവിധാനം കൃത്യമായ നിയമനടപടികൾ സ്വീകരിക്കുകയും, ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് സൗദി അധികൃതരോട് പ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ സൗദി അറേബ്യ അംഗീകരിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.