പൊതുസമൂഹത്തിൽ വൈദ്യുതി, വെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ മനഃപൂർവം കേടുവരുത്തുന്നവർക്ക് തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വിധ്വംസനശീലം സൗദി അറേബ്യയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് 2 വർഷം വരെ തടവും, പരമാവധി ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. പൊതു വിതരണ സംവിധാനങ്ങൾ നശിപ്പിക്കുന്നവർക്കും, അവയുടെ പ്രവർത്തനത്തിൽ തടസം സൃഷ്‌ടിക്കുന്നവർക്കും ഈ ശിക്ഷ ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.
ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കും, ഇവരെ സഹായിക്കുന്നവർക്കും ഈ ശിക്ഷ ബാധകമാണ്. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി കേടുവന്ന സംവിധാനങ്ങളിൽ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനുള്ള തുക അപരാധിയിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ആ വ്യക്തിയുടെ ചെലവിൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.