സൗദി അറേബ്യ: കുട്ടികൾ അപകടകരമായ വിനോദങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കേർപ്പെടുത്തിയതായി പബ്ലിക്ക് പ്രോസിക്യൂഷൻ

GCC News

രാജ്യത്ത് അപകടകരമായതും, സുരക്ഷാ ഭീഷണിയുള്ളതുമായ വിനോദപരിപാടികളിൽ കുട്ടികൾ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2023 ഏപ്രിൽ 21-നാണ് സൗദി പബ്ലിക്ക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം സുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഹാനിയുളവാക്കുന്ന വിനോദപരിപാടികളിൽ കുട്ടികൾ പങ്കെടുക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൗദി അറേബ്യയിലെ ചൈൽഡ് പ്രൊട്ടക്ഷൻ നിയമങ്ങളിലെ ആർട്ടിക്കിൾ 13 പ്രകാരമാണിത്.

വിനോദകേന്ദ്രങ്ങളിലും മറ്റും കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ മാർഗങ്ങളും ഏർപ്പെടുത്തണമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. കളിയിടങ്ങളിലും മറ്റും വെച്ച് കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഇത്തരം വിനോദകേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ആവശ്യമായ എല്ലാ പരിശീലനങ്ങളും നൽകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം ജീവനക്കാർക്ക് സുരക്ഷാ നടപടിക്രമങ്ങൾ, മുൻകരുതലുകൾ എന്നിവയിൽ പരിശീലനം നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കുട്ടികൾ വീഴുന്നത് ഒഴിവാക്കുന്നതിനായി ഇത്തരം വിനോദകേന്ദ്രങ്ങളിലെ ഊഞ്ഞാലുകൾ, മറ്റു റൈഡുകൾ മുതലായവയിലെ സീറ്റുകളിൽ സേഫ്റ്റി ബെൽറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും സുരക്ഷാ ഘടകങ്ങൾ ഘടിപ്പിച്ചിരിക്കേണ്ടതാണ്. കുട്ടികളുടെ സൈക്കിളുകളിലെ ട്രൈനിംഗ് വീലുകൾ, ഹെൽമറ്റ്, കൈ, കാലുകളിലെ മുട്ടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പാഡുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

വിനോദകേന്ദ്രങ്ങളിലെ ഓരോ റൈഡുകളിലും, അവ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ള പ്രായപരിധി, ഒരേസമയം പങ്കെടുക്കാവുന്ന കുട്ടികളുടെ എണ്ണം മുതലായ വിവരങ്ങൾ സംബന്ധിച്ച അടയാള ബോർഡുകൾ ഉണ്ടായിരിക്കേണ്ടതാണ്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൈക്കിൾ വാടകയ്ക്ക് നൽകരുതെന്നും, 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾ പൊതുനിരത്തുകളിൽ സൈക്കിൾ ഉപയോഗിക്കരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമംലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ഉറപ്പ് വരുത്തേണ്ടതാണ്.

Cover Image: Saudi Press Agency.