സൗദി അറേബ്യ: ഒരു തരത്തിലുള്ള ഭിക്ഷാടനവും അനുവദിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ

GCC News

രാജ്യത്ത് എല്ലാ തരത്തിലുള്ള ഭിക്ഷാടനവും നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2023 ജൂൺ 24-നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിക്കുന്നതുൾപ്പടെയുള്ള എല്ലാ തരത്തിലുള്ള ഭിക്ഷാടനത്തിനും സൗദി അറേബ്യയിൽ കർശനമായ വിലക്കുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി. ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ (ഭിക്ഷ സ്വീകരിക്കുന്നതിനായി അവർ മുന്നോട്ട് വെക്കുന്ന കാരണങ്ങൾ എന്ത് തന്നെ ആണെങ്കിലും) നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

സംഘം ചേർന്നുള്ള ഭിക്ഷാടനം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർ, ഭിക്ഷാടകരെ ഏർപ്പെടുത്തുന്നവർ, ഭിക്ഷ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നവർ, ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നവർ തുടങ്ങിയ വ്യക്തികൾക്ക് ഒരു വർഷം വരെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിസിക്യൂഷൻ കൂട്ടിച്ചേർത്തു.

ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ സൗദി അറേബ്യയിൽ നിന്ന് നാട് കടത്തുന്നതാണ്.