രാജ്യത്ത് നിയമവിരുദ്ധമായ കടത്തല്‍ പ്രവർത്തനമായി കണക്കാക്കുന്നതും, ശിക്ഷ ലഭിക്കാവുന്നതുമായ വിവിധ പ്രവർത്തികൾ സംബന്ധിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കള്ളക്കടത്ത് തടയുന്നതിനുള്ള നിയമങ്ങളുടെ പരിധിയിൽ വരുന്ന വിവിധ പ്രവർത്തനങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന രീതിയിലുള്ള പ്രവർത്തികൾ സൗദിയിൽ കള്ളക്കടത്തായി കണക്കാക്കുന്നതാണ്:
- രാജ്യത്തേക്ക് കൊണ്ട് വരുന്ന വസ്തുക്കൾ കസ്റ്റംസ് ഓഫീസിൽ അറിയിക്കാതെ മറച്ച് വെക്കുന്നത്.
- രാജ്യത്തേക്ക് വിവിധ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതുമായും, കയറ്റുമതി ചെയ്യുന്നതുമായും ബന്ധപ്പെട്ടുള്ള ആധികാരിക മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവ കൃത്യമായി പാലിക്കാതിരിക്കുന്നത്.
- ചരക്കുമായി വരുന്ന കപ്പലുകളിൽ നിന്ന് കസ്റ്റംസ് ഓഫീസ് ഏർപ്പെടുത്തിയിട്ടുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി സാധനങ്ങൾ കയറ്റുന്നതും, ഇറക്കുന്നതും നിയമലംഘനമായി കണക്കാക്കുന്നതാണ്.
- രാജ്യത്തെ ഔദ്യോഗിക എയർപോർട്ടുകളിലൂടെയല്ലാതെ നിയമം ലംഘിച്ച് കൊണ്ട് ചട്ടങ്ങൾക്ക് വിരുദ്ധമായി വിമാനങ്ങളിൽ സാധനങ്ങൾ കയറ്റുന്നതും, ഇറക്കുന്നതും.
- രാജ്യത്ത് കള്ളക്കടത്ത് തടയുന്നതിനുള്ള നിയമങ്ങളിലെ ആർട്ടിക്കിൾ 40 പ്രകാരം, സൗദി വ്യോമാതിർത്തികളിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളിൽ നിന്ന്, വിമാനം പറന്ന് കൊണ്ടിരിക്കുന്നതിനിടയിൽ സാധനങ്ങൾ താഴേയ്ക്ക് ഇറക്കുന്നതിന് ശ്രമിക്കുന്ന എല്ലാ പ്രവർത്തികളും നിയമലംഘനമാണ്.
- കസ്റ്റംസ് ഓഫീസിന്റെ കണ്ണ് വെട്ടിച്ച് കൊണ്ട് പരസ്യപ്പെടുത്താതെ മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും, സൗദിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കും സാധനങ്ങൾ കടത്താനുള്ള എല്ലാ ശ്രമങ്ങളും നിയമലംഘനമായി കണക്കാക്കുന്നതാണ്.
- സൗദിയിലേക്ക് കൊണ്ട് വരുന്നതോ, സൗദിയിൽ നിന്ന് പുറത്തേക്ക് അയക്കുന്നതോ ആയ വസ്തുക്കളുടെ ഭാരം സംബന്ധിച്ച് കസ്റ്റംസ് ഓഫീസിൽ അറിയിക്കാതിരിക്കുന്നത് നിയമലംഘനമാണ്. ഈ നിയമം യാത്രികർ തങ്ങളുടെ കൈവശം കരുതുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള വസ്തുക്കൾക്കും ബാധകമാണ്.
- മറ്റു വസ്തുക്കളുടെ കൂട്ടത്തിൽ ഒളിപ്പിച്ച് വെച്ച നിലയിൽ കസ്റ്റംസ് അധികൃതർ കണ്ടെത്തുന്ന നിയമാനുസൃതമല്ലാത്ത എല്ലാ വസ്തുക്കളും കള്ളക്കടത്തായി കണക്കാക്കുന്നതാണ്.