സൗദി: വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം രാജ്യത്തെത്തിയതായി ഹജ്ജ് മന്ത്രാലയം

GCC News

വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം ഓഗസ്റ്റ് 15, ഞായറാഴ്ച്ച സൗദിയിലെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. COVID-19 പശ്ചാത്തലത്തിൽ ഉംറ അനുഷ്ഠിക്കുന്നതിനായി വിദേശ തീർത്ഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്‌കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.

2021 ഓഗസ്റ്റ് 10 മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകുമെന്ന് ഏതാനം ദിവസങ്ങൾക്ക് മുൻപ് അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ഇറാഖിൽ നിന്നുള്ള 50 ഉംറ തീർത്ഥാടകരുടെ സംഘമാണ് ഓഗസ്റ്റ് 15-ന് സൗദിയിലെത്തിയത്.

ഈ തീർത്ഥാടകരെ ഹജ്ജ് മന്ത്രാലയത്തിന്റെ പ്രതിനിധികൾ എയർപോർട്ടിൽ സ്വീകരിച്ചു. വിമാനത്താവളത്തിലെത്തിയ തീർത്ഥാടകർക്ക് ഈന്തപ്പഴം, റോസാപ്പൂക്കൾ, സംസം ജലം എന്നിവ നൽകിയാണ് മന്ത്രാലയം സ്വീകരിച്ചത്. ഉംറ തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കർശനമായ സുരക്ഷാ നിർദ്ദേശങ്ങളാണ് മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്.

സൗദി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്കാണ് വിദേശത്ത് നിന്ന് ഉംറ തീർത്ഥാടനത്തിനായി സൗദിയിലേക്ക് പ്രവേശനം നൽകുന്നത്. ഇതിനായി ഇവർ സ്വന്തം രാജ്യങ്ങളിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.