രാജ്യത്തെ ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ പരമാവധി എണ്ണം സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പമെന്റ് തീരുമാനം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത് പ്രകാരം, ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ജീവനക്കാരുടെ പരമാവധി എണ്ണം സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ 40 ശതമാനമാക്കി നിജപ്പെടുത്തിയതായാണ് വിവരം. ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളുടെ പരമാവധി എണ്ണവും 40 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. യെമനിൽ നിന്നുള്ള തൊഴിലാളികളുടെ പരമാവധി എണ്ണം 25 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
ഇത് സംബന്ധിച്ച അറിയിപ്പ് വിവിധ സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ പോർട്ടലിൽ നിന്ന് ലഭിച്ചതായാണ് അറിയാൻ സാധിക്കുന്നത്. ഇത് സംബന്ധിച്ച നിയന്ത്രണങ്ങൾ മറികടക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് തടസങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ സൂചന നൽകിയിട്ടുണ്ട്.