സൗദി: ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി; ഉംറ തീർത്ഥാടകർക്കായി ഇ-വിസ ആപ്പ് പുറത്തിറക്കി

featured Saudi Arabia

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി തൗഫീഖ് അൽ റാബിയ അറിയിച്ചു. 2022 ജൂൺ 2-ന് നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തീത്ഥാടകർക്ക് താമസിക്കാനുള്ള മുഴുവൻ ഇടങ്ങളുടെയും തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. ഈ വർഷം ഹജ്ജിനായി എത്തുന്ന ഒരു ദശലക്ഷം തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും തയ്യാറാക്കിയതായും, ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ച്ചകളില്ലാതെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീർത്ഥാടകർക്കിടയിൽ ഹജ്ജ് സ്മാർട്ട് കാർഡിന്റെ ഉപയോഗം നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തീർത്ഥാടകർക്ക് തീർത്തും സുരക്ഷിതവും, സുഗമവുമായ ഒരു തീർത്ഥാടനം ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉംറ തീർത്ഥാടകർക്കായി ഇ-വിസ ആപ്പ് പുറത്തിറക്കി

അതേ സമയം, ഉംറ തീർത്ഥാടകർക്കായുള്ള ഒരു ഇലക്ട്രോണിക് വിസ ആപ്പ് പുറത്തിറക്കുന്നതായും അദ്ദേഹം ഈ പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. സമർപ്പിക്കുന്ന അപേക്ഷകളിൽ 24 മണിക്കൂറിനകം വിസ അനുവദിക്കുന്ന രീതിയിലാണ് ഈ ആപ്പിലൂടെ സേവനങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീർത്ഥാടകർക്ക് താമസ സൗകര്യങ്ങൾ, യാത്ര ചെയ്യുന്നതിനുള്ള വാഹനങ്ങൾ എന്നിവ കണ്ടെത്തുന്നതിനും ഈ ആപ്പ് സഹായകമാകുന്നതാണ്. ഉംറ വിസകളുടെ കാലാവധി നിലവിലെ ഒരു മാസം എന്നതിൽ നിന്ന് മൂന്ന് മാസത്തേക്ക് ഉയർത്തുന്നതിന് തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഉംറ വിസകളിലുളളവർക്ക് സൗദിയിലെ മറ്റു നഗരങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് വിലക്കുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ഹജ്ജ് സീസണിലെ സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ബുക്കിംഗ് ഇന്ന് (2022 ജൂൺ 3, വെള്ളിയാഴ്ച) മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 മാർച്ച് 9-ന് അറിയിച്ചിരുന്നു.

Cover Image: Saudi Hajj, Umrah Minister Tawfiq Al Rabiah. File photo by Saudi Press Agency from 2020.