സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നു. 2023 മെയ് 22-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023 മെയ് 22-ന് വൈകീട്ട് 4:24-നാണ് (സൗദി സമയം) ഇവരെയും വഹിച്ച് കൊണ്ടുള്ള ഡ്രാഗൺ 2 ബഹിരാകാശപേടകം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ വിജയകരമായി ഡോക്ക് ചെയ്തത്. തുടർന്ന് ഈ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള സൗദി ബഹിരാകാശ യാത്രികരായ അലി അൽ ഖാർനി, രയ്യാനാഹ് ബർനാവി എന്നിവരും മറ്റു രണ്ട് ബാഹ്യാകാശ സഞ്ചാരികളും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പ്രവേശിച്ചു.
അലി അൽ ഖാർനി, രയ്യാനാഹ് ബർനാവി എന്നിവർക്ക് പുറമെ നാസയിലെ ബഹിരാകാശസഞ്ചാരികളായ പെഗ്ഗി വിറ്റ്‌സൺ, ജോൺ ഷോഫ്നർ എന്നിവരും ഈ ദൗത്യത്തിന്റെ ഭാഗമാണ്.
ഇവരെയും വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് 2023 മെയ് 21-ന് രാത്രി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ കേപ്പ് കാനവേറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു. ഏതാണ്ട് 16 മണിക്കൂർ യാത്രയ്ക്ക് ശേഷമാണ് ഇവർ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിച്ചേർന്നത്.
ഇവർ വിവിധ ഗവേഷണങ്ങളുമായി എട്ട് ദിവസം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തുടരുന്നതാണ്. ഈ ദൗത്യത്തിന്റെ ഭാഗമായി ഇവർ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ മൈക്രോഗ്രാവിറ്റി സംബന്ധമായ വിവിധ ശാസ്ത്രീയ പഠനങ്ങളിലും, 20 ഗവേഷണ പരീക്ഷണങ്ങളിലും പങ്കെടുക്കുന്നതാണ്.
Cover Image: Saudi Press Agency.