സൗദി: വിദ്യാർത്ഥികളുടെ പരീക്ഷകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

GCC News

രാജ്യത്തെ വിദ്യാർത്ഥികളുടെ പരീക്ഷകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് നടത്തുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ലാസുകളെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ വിഭാഗങ്ങളാക്കി തിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

രാജ്യത്തെ സ്‌കൂളുകളിലെ പ്രിൻസിപ്പൽ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് നൽകിയിട്ടുള്ള മാനദണ്ഡങ്ങളിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിന് വ്യക്തമായ കാരണങ്ങളാൽ അസൗകര്യമുള്ള അധ്യാപകർക്ക് ഇളവ് അനുവദിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സമൂഹ അകലം ഉറപ്പ് വരുത്തിക്കൊണ്ട് സ്‌കൂളുകളിൽ നടത്താൻ സാധിക്കാത്ത പാഠ്യ, പഠ്യേതര പരിപാടികൾ താത്‌കാലികമായി ഒഴിവാക്കിയതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

2022 ജനുവരി 23 മുതൽ രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ജനുവരി 9-ന് അറിയിച്ചിരുന്നു.