ഹജ്ജ് തീർത്ഥാടകർക്ക് രാജ്യത്തിന്റെ മുഴുവൻ കരഅതിർത്തികളിലൂടെയും സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു. 2023 ജനുവരി 11-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജിദ്ദയിൽ നടക്കുന്ന എക്സ്പോ ഹജ്ജ് 2023 സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ്. ജനറൽ. സുലൈമാൻ അൽ യഹ്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ ഹജ്ജിനായി എത്ര തീർത്ഥാടകർ വന്നാലും അവരെ സ്വാഗതം ചെയ്യുന്നതിനായി ഡയറക്ടറേറ്റ് പൂർണ്ണസജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ മുഴുവൻ കരഅതിർത്തികളിലൂടെയും പ്രവേശിക്കുന്നതിന് ഹജ്ജ് തീർത്ഥാടകർക്ക് അനുമതി നൽകുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കൂടിയാലോചിച്ച് വരുന്നതായി അദ്ദേഹം അറിയിച്ചു.
അതേ സമയം, ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ എഴുപതിനായിരത്തിലധികം ആഭ്യന്തര തീർത്ഥാടകർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഹജ്ജ് മന്ത്രാലയത്തിൽ നിന്നുള്ള സ്രോതസുകൾ സൂചിപ്പിച്ചിട്ടുണ്ട്. ഇതിൽ സൗദി അറേബ്യയിൽ താമസിക്കുന്ന പൗരന്മാരും, പ്രവാസികളും ഉൾപ്പെടുന്നു.
സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം 2023 ജനുവരി 5-ന് അറിയിച്ചിരുന്നു.
2023 ഹജ്ജ് സീസണിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള തീർത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി H.E. ഡോ. തൗഫീഖ് അൽ റാബിയ 2023 ജനുവരി 9-ന് എക്സ്പോ ഹജ്ജ് 2023 വേദിയിൽ വെച്ച് അറിയിച്ചിരുന്നു.
2023 ഹജ്ജ് സീസണിലെ ആഭ്യന്തര തീർത്ഥാടകരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ, റീഫണ്ട് പോളിസി എന്നിവ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: Saudi Press Agency.