ഹജ്ജ് 2023: ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൗദി അധികൃതർ

featured GCC News

2023 ഹജ്ജ് സീസണിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള തീർത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി H.E. ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു. 2023 ജനുവരി 9-ന് ഹജ്ജ് എക്സ്പോ 2023-ന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

“COVID-19 മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്ന ഹജ്ജ് സീസണുകളിൽ പോലെ തീർത്ഥാടകരുടെ എണ്ണത്തിലോ, പ്രായത്തിലോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത രീതിയിലായിരിക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംഘടിപ്പിക്കുന്നത്.”, അദ്ദേഹം വ്യക്തമാക്കി.

COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020-ൽ പതിനായിരത്തിൽ താഴെ ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ആരോഗ്യ സുരക്ഷ മുൻനിർത്തി 2021-ൽ ഹജ്ജ് തീർത്ഥാടനം 58745 ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഒമ്പത് ലക്ഷത്തോളം തീർത്ഥാടകരാണ് 2022-ലെ തീർത്ഥാടനത്തിൽ പങ്കെടുത്തത്.

2023 ഹജ്ജ് സീസണിലെ ആഭ്യന്തര തീർത്ഥാടകരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ, റീഫണ്ട് പോളിസി എന്നിവ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു.

Cover Image: Saudi Press Agency.