ഫെബ്രുവരി 4 മുതൽ COVID-19 നിയന്ത്രണങ്ങൾ സൗദി കർശനമാക്കുന്നു; വിനോദ പരിപാടികൾക്ക് വിലക്ക്; ഭക്ഷണശാലകൾക്ക് നിയന്ത്രണം

GCC News

രാജ്യത്ത് എല്ലാ തരത്തിലുള്ള വിനോദ പരിപാടികൾക്കും അടുത്ത പത്ത് ദിവസത്തേക്ക് താത്കാലികമായി വിലക്കേർപ്പെടുത്താൻ തീരുമാനയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 4, വ്യാഴാഴ്ച്ച വൈകീട്ട് 10 മണി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

COVID-19 വ്യാപനം തടയുന്നതിനായി സാമൂഹിക ഒത്ത് ചേരലുകൾ പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്തെ സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, ഷോപ്പിംഗ് സെന്ററുകളിലും മറ്റും പ്രവർത്തിക്കുന്ന വിനോദ കേന്ദ്രങ്ങൾ മുതലായവ അടയ്ക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഫെബ്രുവരി 4 മുതൽ താഴെ പറയുന്ന പ്രവർത്തനങ്ങൾക്കാണ് സൗദിയിൽതാത്കാലിക വിലക്കേർപ്പെടുത്തുന്നത്:

  • വിവാഹം, വാണിജ്യ സമ്മേളനങ്ങൾ തുടങ്ങിയ എല്ലാ ചടങ്ങുകളും, ആഘോഷ പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക വേദികളിലും, വിവാഹ ഹാളുകളിലും, റസ്റ്റ് ഹൗസുകൾ, ക്യാമ്പുകൾ മുതലായ ഇടങ്ങളിലും നടക്കുന്ന ചടങ്ങുകൾക്ക് ഈ 30 ദിവസത്തെ വിലക്ക് ബാധകമാണ്. ആവശ്യമെങ്കിൽ ഈ കാലയളവ് നീട്ടുന്നതാണ്.
  • സമൂഹ ചടങ്ങുകളിൽ അടുത്ത പത്ത് ദിവസത്തേക്ക് (കാലാവധി ആവശ്യമെങ്കിൽ നീട്ടുന്നതാണ്) പരമാവധി 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി നൽകുന്നത്.
  • എല്ലാ തരത്തിലുള്ള വിനോദ പരിപാടികൾക്കും അടുത്ത പത്ത് ദിവസത്തേക്ക് താത്കാലികമായി വിലക്കേർപ്പെടുത്തും.
  • സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, ഷോപ്പിംഗ് മാളുകൾ, സ്പോർട്സ് സെന്ററുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വിനോദ കേന്ദ്രങ്ങൾ മുതലായവ അടുത്ത പത്ത് ദിവസം അടച്ചിടേണ്ടതാണ്.
  • റെസ്റ്ററന്റുകൾ, കഫേകൾ മുതലായ ഭക്ഷണശാലകളിൽ, ഭക്ഷണം ഇരുന്ന് കഴിക്കുന്നതിന് 10 ദിവസത്തെ വിലക്കേർപ്പെടുത്തി. ഭക്ഷണശാലകളിൽ ഈ കാലയളവിൽ പാർസൽ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. പാർസൽ സേവനങ്ങൾ നൽകുന്ന അവസരത്തിൽ ആൾക്കൂട്ടം അനുവദിക്കുന്നതല്ല.

ഈ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾ 24 മണിക്കൂർ നേരത്തേക്ക് അടച്ചിടേണ്ടിവരുമെന്ന് മിനിസ്ട്രി ഓഫ് മുൻസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് അറിയിച്ചു. ലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾ ആദ്യ തവണ ആവർത്തിക്കുന്നതിന് 48 മണിക്കൂറും, രണ്ടാമത് ആവർത്തിക്കുന്നതിന് ഒരാഴ്ച്ചയും, മൂന്നാമത് അവർത്തിക്കുന്നതിന് 2 ആഴ്ച്ചയും അടച്ചിടേണ്ടിവരുന്നതാണ്. നാലാം തവണയും ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒരു മാസം അടച്ചിടേണ്ടിവരുന്നതാണ്.

COVID-19 വ്യാപനം തടയുന്നതിനായി, 2021 ഫെബ്രുവരി 3, ബുധനാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു.