2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, മാളുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് വക്താവ് അബ്ദുൽ റഹ്മാൻ അൽ ഹുസ്സയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
COVID-19 വാക്സിനിന്റെ ആദ്യ ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഓഗസ്റ്റ് 1 മുതൽ സൗദിയിലെ മാളുകളിലേക്ക് പ്രവേശനം നൽകുക എന്നാണ് അദ്ദേഹം അറിയിച്ചത്. 2021 ഓഗസ്റ്റ് 1 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തെ തൊഴിലിടങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കുക എന്ന് സൗദി ആഭ്യന്തര മന്ത്രാലയം മെയ് 18-ന് അറിയിച്ചിരുന്നു. പൊതുസമൂഹത്തിൽ COVID-19 വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് സൗദി അധികൃതർ ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലെല്ലാം പ്രവേശനം ലഭിക്കുന്നതിന് സൗദി COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, മുതലായ ഇടങ്ങളിലേക്കും വാക്സിനെടുത്തവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തുന്നതാണെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
വാണിജ്യ കേന്ദ്രങ്ങളിലും മറ്റും ആൾത്തിരക്ക് ഉണ്ടാക്കാനിടയുള്ള എല്ലാ തരത്തിലുള്ള പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് അബ്ദുൽ റഹ്മാൻ അൽ ഹുസ്സയിൻ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. വ്യാപാരസ്ഥാപനങ്ങളിൽ പ്രത്യേക ചടങ്ങുകളോ, പരിപാടികളോ നടത്തരുതെന്നും, പുതിയ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന ചടങ്ങുകൾ, പരസ്യ പ്രചാരണ പരിപാടികൾ തുടങ്ങിയ ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Cover Photo: Saudi Press Agency.