രാജ്യത്തെ COVID-19 ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ക്വാറന്റീൻ നടപടികളിൽ വീഴ്ച്ച വരുത്തുന്ന സൗദി പൗരന്മാർക്ക് 2 വർഷം വരെ തടവും, 2 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സൗദിയിലെ ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ രാജ്യത്ത് നിന്ന് നാട് കടത്തുമെന്നും, ഇവർക്ക് സൗദിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് ശാശ്വത വിലക്കേർപ്പെടുത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. സൗദിയിൽ COVID-19 രോഗബാധയെത്തുടർന്നുള്ള ആകെ മരണം 7000 കടന്ന അവസരത്തിലാണ് അധികൃതർ ഈ മുന്നറിയിപ്പുകൾ ആവർത്തിച്ചത്.
COVID-19 രോഗബാധയെത്തുടർന്നോ, രോഗബാധിതരുമായി സമ്പർക്കത്തിനിടയായതിനെത്തുടർന്നോ, രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതിനെത്തുടർന്നോ ക്വാറന്റീനിൽ തുടരുന്ന മുഴുവൻ പേർക്കും ഈ നിബന്ധനകൾ ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി. ക്വാറന്റീൻ നടപടികൾ വീഴ്ച്ചകൂടാതെ തുടരാൻ ജനങ്ങളോട് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.